ഫ്ലു സീസൺ ആരംഭിച്ചതിനുശേഷം ഡാളസിൽ ഫ്ലു ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി. 34 വയസുള്ള ഒരാളുടെ മരണമാണ് ഏറ്റവും അവസാനത്തേതെന്ന് ഡാളസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൺ സർവീസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. മരിച്ച വ്യക്തിയെകുറിച്ചുള്ള യാതൊരു വിവരവും ആരോഗ്യ വകുപ്പ് പുറത്തു വിട്ടിട്ടില്ല. ‌

പത്തു മുതിർന്നവരുടെയും ഒരു കുട്ടിയുടെയും മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ടു കുട്ടികളുടെ മരണം കൂടി റിപ്പോർട്ടു ചെയ്യപ്പെട്ടുവെങ്കിലും ഫ്ലു മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫ്ലുവിന്‍റെ ഗുരുതരാവാസ്ഥയെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും ആറു മാസത്തിനു മുകളിലുള്ള എല്ലാവരും പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

രോഗം സംശയിക്കുന്നവർ കൈകൾ വൃത്തിയായി കഴുകണമെന്നും ചുമയ്ക്കുമ്പോൾ വായ് പൊത്തി പിടിക്കണമെന്നും കൂടുതൽ സമയം വീട്ടിൽ തന്നെ കഴിയുവാൻ ശ്രമിക്കണമെന്നും അധികൃതർ പറഞ്ഞു. രോഗം വന്ന് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതിരിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കുന്നതാണ്.