തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരായ നീക്കത്തില്‍ കരുത്തുകാട്ടി സുഭാഷ് വാസു. വെള്ളാപ്പള്ളിയുടെ പേരിലുണ്ടായിരുന്ന കോളേജിന്റെ പേര് മാറ്റി ഗോകുലം ഗോപാലനെ ചെയര്‍മാനാക്കി. തുഷാര്‍ വെള്ളാപ്പള്ളിയെ ഗുരുദേവ ട്രസ്റ്റില്‍നിന്ന് നീക്കം ചെയ്താണ് സുഭാഷ് വാസുവിന്റെ ആസൂത്രിത നീക്കം. തിരുത്തല്‍ ശക്തിക്കൊപ്പം താന്‍ ഉണ്ടാവുമെന്ന് ഗോകുലം ഗോപാലനും നിലപാട് വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശന്‍ അലങ്കാരമായി കൊണ്ടുനടന്ന ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പേരാണ് സുഭാഷ് വാസു നീക്കം ചെയ്തത്. മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാണ് കായംകുളത്തെ കോളേജിന്റെ പുതിയ പേര്. അഞ്ചുകോടി നിക്ഷേപിച്ച്‌ ഗോകുലം ഗോപാലന്‍ ട്രസ്റ്റിന്റെയും കോളേജിന്റെയും ചെയര്‍മാനായി.

എസ്.എന്‍.ഡി.പി യെ ശുദ്ധീകരിക്കാന്‍ മുന്നില്‍ തന്നെയുണ്ടാകുമെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. സുഭാഷ് വാസുവും ടി പി സെന്‍കുമാറും നടത്തുന്ന പോരാട്ടത്തില്‍ പ്രായോഗിക ബുദ്ധിയോടെ താന്‍ ഉണ്ടാകുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. തനിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന ഗവേര്‍ണിങ് ബോഡിയുടെ അധികാരം ഉപയോഗിച്ചാണ് സുഭാഷ് വാസു തുഷാറിനെ നീക്കിയതും ഗോകുലം ഗോപാലനെ കൊണ്ടുവന്നതും. വെള്ളാപ്പള്ളി ആരോപിക്കുംപോലെ അദ്ദേഹത്തെ തീര്‍ക്കാനുള്ള ചാവേര്‍ തന്നെയാണ് താനെന്ന് സുഭാഷ് വാസു ഏറ്റുപറഞ്ഞു. സുഭാഷ് വാസുവും ഗോകുലം ഗോപാലനും ഒരുമിച്ചതോടെ എതിരാളിപ്പട ശക്തി പ്രാപിക്കുന്നു എന്ന ആശങ്ക വെള്ളാപ്പള്ളി പാളയത്തിലുണ്ട്. അതിനാല്‍ തന്നെ സംഘടന പരവും നിയമപരവുമായ പോരാട്ടം ഇരുപക്ഷവും ശക്തിപ്പെടുത്തുമെന്ന് സാരം.