കൊച്ചി: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ സംശയിച്ച്‌ യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍നിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്‌ക്കെത്തിയത്. കൊറോണ ബാധ സംശയിച്ച ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കേളേജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് രോഗി. കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവം പൂണെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. മറ്റ് വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ ഏറ്റുമാനൂരിലെ ഒരു വിദ്യാര്‍ഥിനിയും നിലവില്‍ കോട്ടയത്ത് നിരീക്ഷണത്തിലുണ്ട്. അതേസമയം വിദ്യാര്‍ഥിനി പൂര്‍ണ ആരോഗ്യവതിയാണെന്നും മുന്‍കരുതലിന്റെ ഭാഗമായ നിരീക്ഷണമാണിതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.