ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 203 റണ്‍സിന് മറുപടിയായി ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിനുമായി കെ.എല്‍ രാഹുലും മികച്ച പ്രകടനവുമായി വിരാട് കോഹ്‌ലിയും മികച്ചു നിന്നതോടെ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ജയം ഉറപ്പിക്കുകയും ചെയ്തു.

ഇന്ത്യക്ക് ഓപ്പണറായ രോഹിത് ശര്‍മ്മയെ പെട്ടെന്ന് നഷ്ടമായെങ്കിലും കെ.എല്‍ രാഹുലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഇന്ത്യക്ക് മത്സരത്തില്‍ ആധിപത്യം നേടി കൊടുത്തു. 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. കെ.എല്‍ രാഹുല്‍ 27 പന്തില്‍ 56 റണ്‍സും വിരാട് കോഹ്‌ലി 32 പന്തില്‍ 45 റണ്‍സുമെടുത്ത് പുറത്തായി.

തുടര്‍ന്ന് തുടരെ തുടരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ 29 പന്തില്‍ 58 റണ്‍സും മനീഷ് പാണ്ഡെ 14 റണ്‍സ് എടുത്തും പുറത്താവാതെ നിന്നു.