ടെന്നീസ് ലോകത്തെ ഞെട്ടിച്ച്‌ കൊക്കോ ഗോഫ് എന്ന 15 കാരി വീണ്ടും. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടുമൊരു അട്ടിമറി കൂടി ഇന്ന് പിറന്നപ്പോള്‍ ഞെട്ടിയത് നിലവിലെ ജേതാവും മൂന്നാം സീഡുമായ ജപ്പാന്റെ സാക്ഷാല്‍ നയോമി ഒസാക്ക. കഴിഞ്ഞ വിംബിള്‍ഡനില്‍ വീനസ് വില്യംസിനെ ആദ്യ റൗണ്ടില്‍ മറികടന്ന് വരവ് അറിയിച്ച ഗോഫ് ഈ ആറു മാസം കൊണ്ട് താന്‍ എത്രത്തോളം വളര്‍ന്നു എന്നു തെളിയിക്കുന്ന പ്രകടനം ആണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇത് വരെ നടത്തുന്നത്. ആദ്യ റൗണ്ടില്‍ വീനസിനെ മറികടന്ന താരം മൂന്നാം റൗണ്ടില്‍ ഇന്ന് ഒസാക്കയെ മറികടന്നത് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആയിരുന്നു.

ആദ്യ സെറ്റില്‍ ഒരവസരവും ഒസാക്കക്ക് നല്‍കാതെ 6-3 നു സെറ്റ് സ്വന്തമാക്കിയ ഗോഫ് വരാനിരിക്കുന്നത് എന്താണ് എന്ന വ്യക്തമായ സൂചന ലോകത്തിനു നല്‍കി. എന്നാല്‍ രണ്ടാം സെറ്റില്‍ ആദ്യമെ തന്നെ സര്‍വ്വീസ് ബ്രൈക്ക് വഴങ്ങിയ ശേഷം തിരിച്ചു ബ്രൈക്ക് ചെയ്ത ഒസാക്ക തിരിച്ചു വരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. എന്നാല്‍ ഒരിക്കല്‍ കൂടി ഒസാക്കയുടെ സര്‍വ്വീസ് ഭേദിച്ച 15 കാരിയായ അമേരിക്കന്‍ താരം 6-4 നു രണ്ടാം സെറ്റും മത്സരവും കൈക്കലാക്കി ഒസാക്കക്ക് പുറത്തേക്കുള്ള വഴി കാണിച്ചു. ഒസാക്കക്ക് എതിരായ ജയത്തോടെ 15 കാരിയായ ഗോഫിനെ കിരീടപോരാട്ടത്തില്‍ വരെ സാധ്യത കല്പിക്കുന്നുണ്ട് പലരും. കളിക്കുന്നത് ഗോഫ് ആയതിനാല്‍ തന്നെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഈ 15 കാരി ഉയര്‍ത്തിയാലും അത്ര അത്ഭുതപ്പെടാന്‍ കഴിയില്ല.