പെരിയാര്‍ ഇവി രാമസ്വാമിയെ അപമാനിച്ചതിന് നടന്‍ രജനീകാന്തിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ദ്രാവിഡ വിടുതലൈ കഴകം സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നതിനു പകരം എന്തിനാണ് തിടുക്കപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് ആരാഞ്ഞുകൊണ്ടാണ് ഹര്‍ജി തള്ളിയത്.

രജനികാന്ത് ചെന്നൈയില്‍ നടന്ന തുഗ്ലക്ക് തമിഴ് മാസികയുടെ 50-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കവേ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്. അന്ധവിശ്വാസങ്ങള്‌ക്കെതിരേ 1971-ല്‍ പെരിയാറിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ശ്രീരാമന്റെയും സീതയുടെയും നഗ്‌നമായ കോലം പ്രദര്‍ശിപ്പിക്കുകയും അതില്‍ ചെരുപ്പുമാല അണിയിക്കുകയും ചെയ്തുവെന്നായിരുന്നു രജനിയുടെ പരാമര്‍ശം.

എന്നാല്‍ 1971ല്‍ നടന്ന ഈ സംഭവം അന്നത്തെ പത്രങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ തുഗ്ലക്കിന്റെ സ്ഥാപക എഡിറ്ററായിരുന്ന രാമസ്വാമി പ്രതിസന്ധികള്‍ മറികടന്ന് ഇതിനെ വിമര്‍ശിച്ച്‌ വാര്‍ത്ത നല്‍കിയിരുന്നെന്നും രജനീകാന്ത് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവിധ ജില്ലകളില്‍ പ്രതിഷേധം നടക്കുകയും രജനീകാന്തിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. രജനീകാന്തിനെതിരെ കേസ് എടുക്കണം, രജനീകാന്ത് മാപ്പ് പറയണം എന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.ഡിഎംകെ, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും രജനിക്കെതിരെ രംഗത്ത് വന്നിരുന്നു. അതെസമയം ബിജെപി രജനിയെ പിന്തുണടച്ചു. എന്നാല്‍, താന്‍ സത്യമാണു പറഞ്ഞതെന്നും മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു രജനീകാന്തിന്റെ പ്രതികരണം