തിരുവനന്തപുരം: കാഴ്ചകള്‍ തേടിപ്പോയി മരണത്തിലേക്ക് ഉറങ്ങിയവര്‍ ഉറ്റവരുടെ തോരാക്കണ്ണീരിലേക്ക് മടങ്ങിയെത്തി. ഇനി ഓര്‍മ്മകളിലേക്ക് ഇന്നിന്റെ പകല്‍യാത്ര. നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചു മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്ന് കുരുന്നുകളുടെയും മൃതദേഹങ്ങള്‍ ഇന്നലെ രാത്രി വൈകി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചു.

വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ പ്രവീണിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലെയ്‌നിലെ രോഹിണിഭവനിലെത്തിച്ചത്‌.

അപകടം സംഭവിച്ച വിവരമറിഞ്ഞപ്പോള്‍ മുതല്‍ വിശ്വസിക്കാനാകാതെ വിറങ്ങലിച്ചും നൊമ്ബരത്തില്‍ വിതുമ്ബിയും കാത്തുനിന്ന അയ്യന്‍കോയിക്കല്‍ ഗ്രാമം മൂന്നു പൊന്നോമനകള്‍ക്കും അച്ഛനമ്മമാര്‍ക്കും ഇന്ന് മിഴിനീരുകൊണ്ട് യാത്രാമാെഴി നല്‍കും. രാവിലെ പത്തിന് വീട്ടുവളപ്പിലാണ് സംസ്കാരം. അന്ത്യോപചാരമ‌ര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും.

പ്രവീണിനും കുടുംബത്തിനുമൊപ്പം ദാമനില്‍ മരണമടഞ്ഞ കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ നിന്ന് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ഡല്‍ഹിയില്‍ എത്തിച്ചതേയുള്ളൂ.ഇന്ന് ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുക. കുന്ദമംഗലത്ത് പുനത്തില്‍ വീട്ടുവളപ്പില്‍ വൈകിട്ട് അഞ്ചിനാണ് സംസ്കാരം.

പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചത്. ജില്ലാ കളക്ടറും പ്രവീണിന്റെ ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. രാവിലെ ആറുമണിയോടെ മൃതദേഹങ്ങള്‍ അഞ്ച് ആംബുലന്‍സുകളില്‍ വിലാപയാത്രയായി ചെങ്കോട്ടുകോണത്തെ വീട്ടില്‍ എത്തിച്ചു.

 

Pics Courtsey: Kerala Kaumudi