റാഞ്ചി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ റാലി നടത്താനെത്തിയ വിഎച്ച്‌പി-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്. ജാര്‍ഖണ്ഡിലെ ലോഹര്‍ദഗ ജില്ലയിലാണ് സംഭവം. റാലി നടത്താന്‍ വേണ്ടി പ്രവര്‍ത്തകര്‍ ഒരുമിച്ച്‌ കൂടിയ വേളയിലാണ് കല്ലേറുണ്ടായത്. സിഎഎയെ എതിര്‍ക്കുന്നവരാണ് കല്ലേറ് നടത്തിയതെന്ന് കരുതുന്നു.

തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തതോടെ ഒട്ടേറെ കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വാഹനങ്ങളും കടകളും തീവച്ചു. പോലീസ് ലാത്തി വീശി. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് ബിജെപി എംപി സുദര്‍ശന്‍ ഭഗത് ആവശ്യപ്പെട്ടു.

50 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരും ചികില്‍സ തേടി. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ സംഭവം ജാര്‍ഖണ്ഡിലുണ്ടായിരുന്നു. പാഡം ചൗക്കില്‍ ബിജെപി നടത്തിയ സിഎഎ അനുകൂല റാലിക്ക് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.

ബിജെപിയുടെ ആറ് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പാഡം ചൗക്കില്‍ പ്രകടനം നടത്തിയത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഹേമന്ദ് സോറന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന വിശ്വ ഹിന്ദു പരിഷത്ത് കുറ്റപ്പെടുത്തി.