തിരുവനന്തപുരം: കാട്ടാക്കട കാഞ്ഞിരവിളയില്‍ ഭൂവുടമയെ ക്രൂരമായി കൊലപ്പെടുത്തി. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത അമ്ബലത്തിന്‍കാല സ്വദേശി സംഗീതിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. മണ്ണെടുക്കാനെത്തിച്ച ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച്‌ തലയ്ക്കടിച്ചാണ് അക്രമി സംഘം സംഗീതിനെ കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജെസിബിയുമായി സംഗീതിന്റെ പറമ്ബിലേക്കെത്തിയ പ്രതികള്‍ ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അതേസമയം പ്രതികളെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ സംഗീത പറഞ്ഞു.
ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്. പിന്നീട് ഇവര്‍ ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലത്തേക്കെത്തി മണ്ണെടുപ്പ് ചോദ്യംചെയ്തതോടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.