ന്യൂഡല്‍ഹി: കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനയിലെ വുഹാനില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നു. പെണ്‍കുട്ടികളടക്കം 20 മലയാളി വിദ്യാര്‍ത്ഥികളാണ് നാട്ടില്‍ തിരികെയെത്താനാകാതെ ചൈനയില്‍ കുടുങ്ങി കിടക്കുന്നത്.
ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിനായി സര്‍വകലാശാലയില്‍ തുടരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ അവിടെ കുടുങ്ങി കിടക്കുന്നത്.
നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വകലാശാല നിയന്ത്രണം കൊണ്ടുവന്നു. ആകെ 56 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. ഇതില്‍ 20 പേര്‍ മലയാളികളാണ്.
അതേസമയം, പുറത്തുപോകരുതെന്നും വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്നും കുട്ടികള്‍ക്ക് സര്‍വകലാശാല നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിയിരിക്കുകയാണ്. അതിനാല്‍ എങ്ങനെ നാട്ടില്‍ പോകുമെന്ന് അവര്‍ക്ക് അറിയില്ല.
ചൈനയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും പരിഹാരമായില്ല. വിദേശകാര്യമന്ത്രിക്ക് മെയില്‍ വഴി കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. വുഹാനില്‍ ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.