മണ്ഡലത്തോട് അവഗണന കാട്ടുന്നെന്നാരോപിച്ച്‌ രാജിക്കത്ത് നല്‍കിയ എം.എല്‍.എ.യെ അനുനയിപ്പിക്കാന്‍ ബി.ജെ.പി. നേതൃത്വം ശ്രമം തുടങ്ങി. വഡോദരയിലെ സാവലി എം.എല്‍.എ. കേതന്‍ ഇനാംദാറാണ് കഴിഞ്ഞദിവസം സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. സ്പീക്കര്‍ രാജി സ്വീകരിച്ചിട്ടില്ല.
തന്റെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരും തുരങ്കം വെക്കുകയാണെന്ന് ആരോപിച്ചാണ് ഇനാംദാര്‍ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് രാജിക്കത്ത് അയച്ചു കൊടുത്തത്. സാവലിയിലെ നഗരസഭാ കാര്യാലയത്തിലെ വൈദ്യുതി തന്റെ അപേക്ഷ മറികടന്ന് അധികൃതര്‍ വിച്ഛേദിച്ചതും എം.എല്‍.എ.യെ പ്രകോപിപ്പിച്ചു. തന്നെപ്പോലെ പല എം.എല്‍.എ.മാരും അസുന്തഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
2018 ജൂണില്‍ ഇനാംദാറും ജില്ലയിലെ എം.എല്‍.എ.മാരായ മധു ശ്രീവാസ്തവ, യോഗേഷ് പട്ടേല്‍ എന്നിവരും യോഗം ചേര്‍ന്ന് കലാപക്കൊടി ഉയര്‍ത്തിയതാണ്. പട്ടേലിനെ മന്ത്രിയും ശ്രീവാസ്തവയെ പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയര്‍മാനുമാക്കി പ്രശ്നം പരിഹരിച്ചു. ഇനാംദാറിന് പദവികളൊന്നും കിട്ടിയില്ല.
മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ള കേതന്‍ ഇനാംദാര്‍ 2012-ല്‍ സീറ്റ് കിട്ടാതെവന്നപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ചതാണ്. 2017-ല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി ജയിച്ചു. ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച്‌ അനുയായികള്‍ പലരും പാര്‍ട്ടി വിടുന്നതായി പ്രചാരണമുണ്ട്. എം.എല്‍.എ.യുമായി പാര്‍ട്ടി അധ്യക്ഷന്‍ ജീത്തു വാഘാണി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം രാജി പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
രാജ്യസഭയിലെ ഒഴിവു വരുന്ന നാല് സീറ്റുകളിലേക്ക് ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എം.എല്‍.എ.യുടെ രാജിപ്രഖ്യാപനം ബി.ജെ.പി.ക്ക് തലവേദനയാണ്. ഇതില്‍ നിലവില്‍ ബി.ജെ.പി.ക്ക് മൂന്നും കോണ്‍ഗ്രസിന് ഒന്നും എം.പി.മാരുണ്ട്. 2017-ല്‍ എം.എല്‍.എ.മാരുടെ എണ്ണം കുറഞ്ഞതിനാല്‍ ബി.ജെ.പി.ക്ക് മൂന്നാം സീറ്റ് നിലനിര്‍ത്തല്‍ എളുപ്പമല്ല. ഇതിനിടെയാണ് എം.എല്‍.എ. കലാപക്കൊടി ഉയര്‍ത്തിയത്.