ആര്‍ത്തവം കാരണം പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യം ഇനി ഉണ്ടാകില്ല. പുതിയ പരിഹാരവുമായി എത്തിയിരിക്കുകയാണ് യുകെ സര്‍ക്കാര്‍. ആര്‍ത്തവ ശുചിത്വ ഉത്പ്പന്നങ്ങള്‍ സ്കൂളുകള്‍ വഴി സൗജന്യമായി വിതരണം ചെയ്യാനാണ് യുകെ സര്‍ക്കാരിന്റെ തീരുമാനം. യുകെ സര്‍ക്കാരിന്റെ പുതിയ പദ്ധതിയനുസരിച്ച്‌ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ആര്‍ത്തവ ശുചിത്വ ഉത്പ്പന്നങ്ങള്‍ ഓഡര്‍ ചെയ്ത് അവ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാം.

ആര്‍ത്തവ ശുചിത്വ ഉത്പ്പന്നങ്ങളുടെ അഭാവം മൂലം പെണ്‍കുട്ടികള്‍ സ്കൂളിലേക്ക് വരാതിരിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിട്ടുള്ളത്. ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഇത്തരം ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയോ ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ ഓഡര്‍ ചെയ്യാവുന്നതാണ്.

മൂന്ന് വര്‍ഷം നീണ്ട പ്രചരണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിട്ടുള്ളത്. പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ ആര്‍ത്തവ ആരോഗ്യ പരിഹാരങ്ങള്‍ നല്‍കാതിരിക്കുന്നത് വിദ്യാര്‍ത്ഥിക്കും സ്കൂളിന്റെ ലിംഗാനുപാതത്തിനും ഹാനികരമാണെന്ന് പദ്ധതിക്കായി പ്രചാരണം നടത്തിയവര്‍ പറയുന്നു. അമിക ജോര്‍ജ് എന്ന ഇരുപതുകാരിയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. സ്കൂളുകളില്‍ ആര്‍ത്തവ ആരോഗ്യം, ശുചിത്വം, വിലക്ക് എന്നിവയെക്കുറിച്ചുള്ള ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആര്‍ത്തവത്തെ തരംതാഴ്ത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം.

പ്രചാരണത്തെത്തുടര്‍ന്ന്, സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ ഉല്‍‌പന്നങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി യുകെ സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു.പുതിയ പദ്ധതി പ്രകാരം, സാനിറ്ററി നാപ്കിന്‍, കപ്പുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സ്കൂളുകള്‍ക്ക് ലഭ്യമാക്കും.