നാടിനെ കണ്ണീരിലാഴ്ത്തി പ്രവീണ്‍ കുമാറും കുടുംബവും നാട്ടില്‍ തിരിച്ചെത്തി. വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

അഞ്ച് ആംബുലന്‍സകളില്‍ വിലാപയാത്ര ആയിട്ടാവും പ്രവീണ്‍ കുമാറിന്റേയും ശരണ്യയുടേയും മൂന്ന് മക്കളുടേയും മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കുക. ആദ്യ ആംബുലന്‍സില്‍ അച്ഛന്‍ പ്രവീണിന്റെ മൃതദേഹം, പിന്നീടുള്ള മൂന്നെണ്ണത്തില്‍ മൂന്ന കുട്ടി ശ്രീഭദ്ര, രണ്ടാമത്തെ മകള്‍ ആര്‍ച്ച, ഇളയകുട്ടി അഭിനവ്…അഞ്ചാമത്തെ ആംബുലന്‍സില്‍ അമ്മ ശരണ്യ എന്ന ക്രമത്തിലാവും യാത്ര…വീട്ടുമുറ്റത്ത് അച്ഛന്റേയും അമ്മയുടേയും ഇടയില്‍ മൂന്ന് മക്കള്‍ എത്ത രീതിയിലാവും മൊബൈല്‍ മോര്‍ച്ചറികള്‍ ക്രമീകരിക്കുക.

മേയര്‍ കെ ശ്രീകുമാര്‍, എം വിന്‍സന്റ് എംഎല്‍എ, കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. പ്രവിണിന്റേയും ശരണ്യയുടേയും സംസ്‌കാര ക്രിയകള്‍ ചെയ്യുന്നത് ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകന്‍ ആരവ് ആണ്. മൂന്ന് കുട്ടികളേയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തില്‍ ചടങ്ങുകളില്ലാതെ സംസ്‌കരിക്കും. ഇരുവശത്തും അച്ഛനമ്മമാര്‍ക്ക് ചിതയൊരുക്കും.

കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത്തിന്റേയും ഭാര്യയുടേയും മകന്റേയും മൃതദേഹങ്ങള്‍ ഇന്ന് കോഴിക്കോട് എത്തിക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കുന്നമംഗലം താളിക്കുണ്ട് പുനത്തിലെ രഞ്ജിത്തിന്റെ തറവാട്ടു വളപ്പിലാണ് സംസ്‌കാരം.