അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു. വഡോദര ജില്ലയിലെ സാവ്ളി മണ്ഡലത്തിൽനിന്നുള്ള എംഎൽഎ കേതൻ ഇനാംദാറാണു രാജിവച്ചത്. ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ചു സാവ്ളി നഗരസഭയിലെയും താലൂക്ക് പഞ്ചായത്തിലെയും ബിജെപി നേതാക്കളും തൽസ്ഥാനങ്ങൾ രാജിവച്ചിട്ടുണ്ട്.
ബിജെപി സർക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥർ ജനപ്രതിനിധികളെ വേണ്ടവിധം ബഹുമാനിക്കുന്നില്ലെന്നും സർക്കാരിന് അവരുടെ മേൽ ഒരു നിയന്ത്രണവുമില്ലെന്നും ആരോപിച്ചായിരുന്നു ഇനാംദാറിന്റെ രാജി. ബുധനാഴ്ചയാണു എംഎൽഎ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള രാജിക്കത്ത് സ്പീക്കർക്കു നൽകിയത്. മുഖ്യമന്ത്രിക്കും പാർട്ടി അധ്യക്ഷനും രാജിക്കത്ത് അയയ്ക്കുകയും ചെയ്തു.
സാവ്ളി മുനിസിപ്പൽ അധ്യക്ഷൻ കെ.എച്ച്.സേഥ്, ഉപാധ്യക്ഷൻ ഖ്യാതി പട്ടേൽ എന്നിവരടക്കം 23 അംഗങ്ങളും താലൂക്ക് പഞ്ചായത്തിലെ 17 അംഗങ്ങളുമാണ് ഇനാംദാറിനു പിന്തുണ പ്രഖ്യാപിച്ചു രാജി നൽകിയത്. ഇത് ആദ്യമായല്ല ഇനാംദാർ വിമതനീക്കം നടത്തുന്നത്. 2018-ൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ കേതൻ ഇനാംദാറും മറ്റ് ചില ബിജെപി എംഎൽഎമാരും രംഗത്തെത്തിയിരുന്നു.