തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്കു മേല്‍ ചുമത്തിയ പിഴ ഒഴിവാക്കാന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന് സിപിഎം ഇടപെടലിനെതിരെ തുറന്നടിച്ചു സ്ഥാനമൊഴിഞ്ഞ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ അജിത് ഹരിദാസ്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സിപിഎമ്മിനെതിരെ തുറന്നു പറഞ്ഞത്. രാജിവച്ചതിനു കാരണവും ഇതാണെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാരിന് തന്നെ താത്പര്യമില്ലാതായി. ബോര്‍ഡിലെ അംഗങ്ങളും നിസഹകരിച്ചെന്ന് അജിത്ത് ഹരിദാസ് വെളിപ്പെടുത്തി.

മാലിന്യസംസ്കരണത്തില്‍ വീഴ്ച വരുത്തിയതിനാണ് വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് കോര്‍പറേഷന് പിഴയിട്ടത്. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ മാനദണ്ഡങ്ങള്‍ ലംഘിച്ച 17 മുനിസിപ്പാലിറ്റികള്‍ക്കും അഞ്ച് കോര്‍പറേഷനുകള്‍ക്കും പിഴ ചുമത്തിയിരുന്നു. എന്നാല്‍ തിരുവനന്തപുരം കോര്‍പറേഷനു ചുമത്തിയ പിഴ മാത്രമാണ് വിവാദമായതെന്നും അജിത് ഹരിദാസ് പറയുന്നു. പിഴ ചുമത്തിയ നടപടി പിന്‍വലിക്കണമെന്നു ബോര്‍ഡിലെ മെമ്ബര്‍മാരും സിപിഎം നേതാക്കളും ആവശ്യപ്പെട്ടു. വഴങ്ങാത്തതിലാണു പകപോക്കല്‍ നടപടിയിലേക്കു മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര പരിസ്ഥിതി വകുപ്പിലെ ചീഫ് സയന്‍റിസ്റ്റായിരുന്ന താന്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയത്. ബോര്‍ഡിലെ അംഗങ്ങള്‍ക്കു തനിക്കെതിരെ പ്രമേയം പാസാക്കാനുള്ള അധികാരമില്ലെന്നും അജിത് ഹരിദാസ് ചൂണ്ടിക്കാട്ടി. വട്ടിയൂര്‍ക്കാവ് ഉപതിര‍ഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി മേയറായിരുന്ന വി.കെ.പ്രശാന്തിനെ തീരുമാനിച്ചതിനിടെയാണു കോര്‍പറേഷനു 14.6 കോടി പിഴയിട്ടത്.