മുട്ടത്ത് വര്‍ക്കി ജീവിച്ചിരുന്ന കാലഘട്ടം മലയാള സാഹിത്യത്തിൻറെ അല്ലെങ്കിൽ മലയാള വായനയുടെ സുവർണ കാലമായിരുന്നു. ആ കാലഘട്ടത്തിലെ ബാല – കൗമാര – യവ്വനങ്ങളിലൂടെ വളരുവാൻ സാധിച്ചു എന്നുള്ളതിൽ ഞാനഭിമാനിക്കുന്നു. പ്രണയം ആഘോഷമാക്കിയ ഒരു കൗമാരം എനിക്കുണ്ടായിരുന്നു. എന്റെ പ്രണയ വർണ്ണങ്ങളിൽ മുട്ടത്തു വർക്കിയുടെ സർഗ്ഗസമ്പന്നതയുടെ നിറപ്പകിട്ടുണ്ടായിരുന്നു. ഞാനെഴുതിയ പ്രണയ ലേഖനങ്ങൾ ഇണപ്രാവുകളുടെയും അഴകുള്ള സെലീനയുടെയും തെക്കൻ കാറ്റിന്റെയും പട്ടുതൂവാലയുടെയും ഒക്കെ കൊച്ചു കൊച്ചു പതിപ്പുകൾ ആയിരുന്നു എന്ന് പറയുന്നതിൽ എനിക്ക് ലജ്ജയില്ല.

തനിക്ക്‌ ചുറ്റുമുള്ള മനുഷ്യരുടെ വേദനയുടെ ചിത്രം വരച്ച് അറുപതുകളിലും എഴുപതുകളിലും മലയാള നോവൽ സാഹിത്യത്തിൽ മുട്ടത്തു വർക്കി നിറഞ്ഞു നിന്നു. അറുപതുകളുടെ അവസാനത്തിൽ അഥവാ എഴുപതുകളുടെ ആരംഭത്തിൽ മലയാള സാഹിത്യത്തിന് മറ്റൊരു ദിശാബോധം കൈവന്നപ്പോൾ, മറ്റൊരർത്ഥത്തിൽ കാലഘട്ടത്തിന്റേതായ ഒരു ദുർഘടസന്ധിയിൽ മുട്ടത്തു വർക്കി ‘പൈങ്കിളി’ എഴുത്തുകാരൻ, ‘നസ്രാണി’ എഴുത്തുകാരൻ ഇങ്ങനെ ബ്രാൻഡ് ചെയ്യപ്പെട്ടു. അതിനുള്ള കാരണങ്ങൾ ചികയുന്നതിനു മുൻപായി അന്നത്തെ പ്രശസ്തരായ സമകാലിക എഴുത്തുകാർ മുട്ടത്തു വർക്കിയെ പറ്റി പറഞ്ഞത് നമുക്കൊന്ന് ശ്രദ്ധിക്കാം.

എസ്. കെ. പൊറ്റക്കാട് – സഞ്ചാര
സാഹിത്യത്തിലൂടെ മലയാള സാഹിത്യത്തെ ദേശാന്തരങ്ങളിലെത്തിച്ച, സഞ്ചാരം ഒരു ലഹരി ആക്കി മാറ്റിയ, കാപ്പിരികളുടെ നാടായ ആഫ്രിക്കയുടെ ജാലകങ്ങൾ മലയാളിക്കായി ആദ്യം തുറന്നു കൊടുത്ത, സാഹിത്യത്തിലെ മഹോന്നത പദവി ആയ ജ്ഞാനപീഠം കരസ്ഥമാക്കിയ എസ്‌ . കെ. പൊറ്റക്കാട് മുട്ടത്തു വർക്കിയെ പറ്റി പറഞ്ഞത് പൊറ്റക്കാടിന്റെ തന്നെ ഭാഷയിൽ ;-

”മലയാള സാഹിത്യത്തിൻറെ ഊഷരഭൂമിയിൽ അല്പമെങ്കിലും ആശ്വാസം പകരാൻ കെൽപ്പുള്ള ഒരു നോവലിസ്റേറയുളളു.  അദ്ദേഹത്തിന്റെ തൂലിക ചലിക്കുന്നത് ജനസാമാന്യത്തിന്റെ ആത്മസ്പന്ദനങ്ങള്‍ക്ക് അനുസൃതമായിട്ടാണ്. സഹൃദയരുടെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യകാരനാണ് അദ്ദേഹം. അതുല്യ പ്രഭാവനായ ഒരുത്തമ കലാകാരൻ. അദ്ദേഹത്തിന്റെ പേരാണ് സാക്ഷാൽ മുട്ടത്തു വർക്കി. മനുഷ്യത്വത്തിന്റെ മഞ്ജുളമേഖലയില്‍ നിന്നുകൊണ്ട് ക്ലിക്കുകളെയും ചേരിതിരിവുകളെയും അതിജീവിച്ചുകൊണ്ട് തനിക്കു താൻ പോന്നവനായി അദ്ദേഹം അനുസ്യൂതം സാഹിത്യ സൃഷ്ടി നടത്തുന്നു. മലയാള സാഹിത്യത്തിൽ അദ്ദേഹം പുതിയൊരു വഴിത്താര വെട്ടിതുറന്നിരിക്കുന്നു. യുഗപ്രഭാവനായ ആ കലാകാരന് നമുക്ക് നന്മകൾ നേരാം ”

കേസരി ബാലകൃഷ്ണപിള്ള – ”മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വര പ്രതിഭയാണ് മുട്ടത്തു വർക്കി”

സുകുമാർ അഴീക്കോട് – ”താത്ത്വികമായി, മലയാള സാഹിത്യ ശ്രീകോവിലിലെ ഏതോ ഉന്നതമായ സിംഹാസനത്തിൽ ഇരിപ്പിടം കിട്ടേണ്ട എഴുത്തുകാരനായിരുന്നു മുട്ടത്തു വർക്കി”

ഇവർ പറഞ്ഞതൊക്കെ അംഗീകരിക്കുമ്പോൾ തന്നെ ശരിക്കും ഒരു സാഹിത്യകാരൻ ആകണമെങ്കിൽ ‘മാതൃഭൂമി’ വരികയിലോ ചുരുങ്ങിയ പക്ഷം ‘മലയാളനാടി’ ലോ എഴുതണമെന്ന ഒരു അലിഖിത നിയമം അന്ന് നിലനിന്നതായി തോന്നുന്നു. കോട്ടയത്ത് സാഹിത്യപ്രവർത്തക സഹകരണസംഘം രൂപീകരിച്ചപ്പോൾ അതിന്റെ മുൻപന്തിയിൽ മുട്ടത്തു വർക്കി ഉണ്ടായിരുന്നില്ല. അതിന് ചുക്കാൻ പിടിച്ചവരിൽ പ്രമുഖർ മുണ്ടശ്ശേരി, കാരൂർ, ഡി. സി. കിഴക്കേമുറി, പൊൻകുന്നം വർക്കി എന്നിവരായിരുന്നു. അപ്പോൾ മുട്ടത്തു വർക്കി ‘ദീപിക’ യിൽ തന്നെ ഒതുങ്ങി നിന്നു . അക്കാലത്ത് കോട്ടയം വെെ. എം. സി. എ.  ഹാളിൽ നടന്ന സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഒരു സമ്മേളനത്തിൽ മുട്ടത്തു വർക്കി പങ്കെടുത്ത സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്. മുണ്ടശ്ശേരി മാസ്റ്റർ ആയിരുന്നു അധ്യക്ഷൻ. എം. ടി. വാസുദേവൻ നായരും മുട്ടത്തു വർക്കിയും മറ്റു പലരും പ്രസംഗകരുടെ   ലിസ്റ്റിൽ ഉണ്ട്. മുണ്ടശ്ശേരി തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ നോവൽ രചയിതാക്കൾ, വിശ്വ സാഹിത്യകാരന്മാരായ ടോൾസ്റ്റോയ്, ദസ്തയേവ്സ്കി എന്നിവരെ മാതൃകയാക്കണം. വിശ്വ സാഹിത്യം ഉൾക്കൊണ്ടിട്ടു വേണം നമ്മളിവിടെ നോവൽ രചനക്ക് കളമൊരുക്കേണ്ടത്. മുട്ടത്തു വർക്കി തന്റെ പ്രസംഗത്തിൽ പറഞ്ഞത് മുണ്ടശ്ശേരിക്ക് കുറിക്കുകൊണ്ടു. എനിക്ക് ഒരു ടോൾസ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല. എനിക്ക് മുട്ടത്തു വർക്കി ആകാനേ കഴിയുള്ളു. ഞാൻ ഞാനായിട്ട് തന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകൾ കുറിച്ചിട്ടു. അത് മലയാളി നെഞ്ചിലേറ്റി.എന്റെ ഇണപ്രാവുകളും മൈലാടാൻകുന്നും തെക്കൻകാറ്റുമെല്ലാം മുഷിഞ്ഞ കവർച്ചട്ടയുമായി കേരളത്തിലെ വായനശാലകളിൽ സജീവമാണ്. എനിക്ക് അതുമതി. ഈ പറഞ്ഞ വിശ്വ സാഹിത്യകാരന്മാരെ ഉൾക്കൊണ്ട്‌ മുണ്ടശ്ശേരി മാസ്റ്റർ എഴുതിയ പുസ്തകങ്ങൾ വായനക്കാരില്ലാതെ വെട്ടിത്തിളങ്ങുന്ന പുറംചട്ടയോടെ മാസ്റ്ററുടെ മച്ചിന്‍പുറത്ത് അട്ടിയിട്ടു വച്ചിരിക്കുന്നത് മറച്ചു വച്ചുകൊണ്ടാണ് മാസ്റ്റർ പ്രസംഗിച്ചത്. പിന്നെ ആ ഗ്രൂപ്പിൽ മുട്ടത്തു വർക്കി ഉണ്ടായിരുന്നതായി കേട്ടിട്ടില്ല. എം. പി. പോൾസ് ട്യൂട്ടോറിയൽ കോളേജിൽ കോട്ടയത്ത് കുറേക്കാലം അധ്യാപകൻ ആയിട്ട് ഉണ്ടായിരുന്നെങ്കിലും, ബഷീറിനെ പോലെ പലരെയും മലയാള സാഹിത്യത്തിൻറെ മുന്പന്തിയിലേക്ക്‌ കൊണ്ടുവന്ന എം. പി. പോൾ .മുട്ടത്തു വർക്കിയുടെ കാര്യത്തിൽ .നിസ്സംഗത പാലിച്ചു. എന്നിരുന്നാലും എം.പി. പോൾ ഒരിക്കലും മുട്ടത്തു വർക്കിയെ തള്ളി പറഞ്ഞിട്ടില്ല. മുട്ടത്തു വർക്കിയുടെ പുസ്തകങ്ങൾ സാഹിത്യ പ്രവർത്തക സഹകരണ സംഘം അച്ചടിക്കാനും പ്രസിദ്ധീകരിക്കാനും മടിച്ചു എന്നാണറിയുന്നത്. അതിന്‌ അവർ മുട്ടത്തു വർക്കിക്ക് കല്പിച്ച അയോഗ്യത, ഭരണസമിതി അംഗങ്ങളുടെ പുസ്തകങ്ങളേക്കാളധികം വർക്കിയുടെ പുസ്തകങ്ങൾ വായിക്കപ്പെടുന്നു എന്നതായിരുന്നു. അടിയുറച്ച
ക്രിസ്തുമത വിശ്വാസിയായ മുട്ടത്തു വർക്കി ഒരു ഇടതുപക്ഷ സഹയാത്രികൻ അല്ലായിരുന്നു എന്നുള്ളതും വർക്കിയെ മുഖ്യധാരയിൽനിന്ന് അകറ്റിയതിന്‌ മറ്റൊരു കാരണമാകാം.

ഇന്ന് എല്ലാവരും ഒന്നായി സമ്മതിക്കും. കവിതാ സാഹിത്യത്തിൽ  ചങ്ങമ്പുഴയുടെ സംഭവനക്കൊപ്പമെത്തും നോവൽ
സാഹിത്യത്തിൽ മുട്ടത്തു വർക്കിയുടെ സംഭാവനയെന്ന്‌ .

മണ്ണിനെയും മനുഷ്യനെയും ഒരുപോലെ സ്നേഹിച്ച സാഹിത്യകാരൻ. മലമടക്കുകളിലെ മരക്കൊമ്പുകളിൽ മറഞ്ഞിരിക്കുന്ന മണ്ണാത്തിക്കിളികളും പൂങ്കുയിലുകളും കാക്കത്തമ്പുരാട്ടികളും വർക്കിയുടെ പുസ്തകത്താളുകളിലേക്ക് പറന്നിറങ്ങി. വെള്ളിമേഘങ്ങളും ഓണനിലാവും കൈകോർക്കുന്ന മലയോരഗ്രാമഭംഗിയെ അദ്ദേഹം അക്ഷരങ്ങളിലേക്ക് ആവാഹിച്ചു. അങ്ങനെ അഴകുള്ള സെലീനയും ഇണപ്രാവുകളും തെക്കൻകാറ്റും പാടാത്ത പൈങ്കിളിയും പട്ടുതൂവാലയും മൈലാടുംകുന്നുമെല്ലാം കാല്പനികതയുടെ മാധുര്യത്തോടെ മലയാള മണ്ണിലേക്ക് പിറന്നുവീണു.

ജനപ്രിയ സാഹിത്യത്തിൻറെ മലയാളഭാവുകത്വമായ കാവ്യസംസ്കാരത്തിന്റെ ആത്മശക്തിയുടെ പ്രതീകമായ മുട്ടത്തു വർക്കി ഏറ്റവും കൂടുതൽ നോവലുകളെഴുതി – മറ്റൊരര്‍ത്ഥത്തില്‍ മലയാളി മനസ്സിന്റെ ചരിത്രമെഴുതി. അവ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് ജന്മം നൽകി റെക്കോർഡിട്ടു. ആ സിനിമകളിൽ പാട്ടെഴുതാൻ വയലാർ പോലും മുട്ടത്തു വർക്കിയുടെ ഭാവനാസമ്പന്നത കടമെടുത്തിട്ടുണ്ടാകാം. കിഴക്കേ മലയിലെ വെണ്ണിലാവിനെ ക്രിസ്തിയാനി പെണ്ണാക്കിയ വയലാറിൽ ഒരു മുട്ടത്തു വർക്കി ടച്ചില്ലേ? കുഞ്ഞാറ്റക്കുരുവികളെ കുരുത്തോല പെരുന്നാളിന് പള്ളിയിൽ കൊണ്ടുപോയ വയലാറിൽ ഒരു മുട്ടത്തു വർക്കി ടച്ചില്ലേ ?

കുടിയേറ്റ കർഷകന്റെ അടുക്കളയിലെ ‘അടിച്ചേററി’
യിൽ മുളകുപൊട്ടിച്ചു കപ്പ തിന്നുന്ന
പച്ചയായ മനുഷ്യന്റെ കഥ പറഞ്ഞ
മുട്ടത്തു വർക്കിയെ ‘കപ്പതീനി വർക്കി’
ആയി ആധുനികർ ആക്ഷേപിച്ചു. മുറ്റത്തു നിന്ന് ചുറ്റിത്തിരിയുന്ന ‘മുറ്റത്തു
വർക്കി’ യാണ് മുട്ടത്തു വർക്കിയെന്നും.
ഞൊറിമുണ്ടും  ചട്ടയും മേക്കാക്കുണുക്കും ധരിച്ച ക്രിസ്ത്യാനി ചേട്ടത്തിയെ വരച്ചു കാട്ടിയ മുട്ടത്തു വർക്കിയെ ‘പളളിമതിലേല്‍ക്കിളുത്ത നസ്രാണിവർക്കി’ എന്നാക്ഷേപിച്ച അവർ ഒന്ന് മനസ്സിലാക്കിയില്ല, മലയോര കർഷകന്റെ മുറ്റത്തു ചുറ്റിത്തിരിഞ്ഞ മുട്ടത്തു വർക്കി സഹൃദയരായ മുഴുവൻ മലയാളികളുടെയും മനസ്സിന്റെ ശ്രീകോവിലിൽ രത്നസിംഹാസനം പണിത്‌ ഉപവിഷ്ടനായെന്ന്‌ .

മുട്ടത്തു വർക്കിയുടെ തൂലികയിൽ നിന്നും ഇതൾ വിരിഞ്ഞ പ്രണയകാവ്യങ്ങളിൽ പ്രഭാത പുഷ്പങ്ങളുടെ നൈർമ്മല്യമുണ്ടായിരുന്നു .  മഞ്ഞുതുളളിയുടെ പരിശുദ്ധിയുണ്ടായിരുന്നു. ഊഷ്മള സ്നേഹത്തിന്റെ ആർദ്രത ഉണ്ടായിരുന്നു. തന്റെ ഗ്രാമത്തിലെ നീലാകാശത്തിലെ നക്ഷത്രങ്ങൾക്ക് അദ്ദേഹം കൂടുതൽ ശോഭ നൽകി. ഗ്രാമവൃക്ഷങ്ങളിൽ ഇരുന്നു പാടിയ കുയിലുകളുടെ പാട്ടുകൾക്ക് അനശ്വര പ്രേമത്തിന്റെ ഈണം നൽകി. ഗ്രാമകന്യകമാരുടെ മെയ്യഴകിന് ഏഴ് വർണ്ണങ്ങളും നല്കി. അവരുടെ ഇടനെഞ്ചിൽ പ്രേമ സാഫല്യത്തിന്റെ കുളിർമഴ പെയ്യിച്ച, അവരുടെ ആത്മാവിന്‍െറ അന്തരാളങ്ങളിൽ അവാച്യമായ അനുഭൂതികളുടെ തായമ്പക കൊട്ടിച്ച അക്ഷരങ്ങളുടെ തമ്പുരാൻ !  ആ അനശ്വര കഥാകാരന്റെ ഓർമ്മകൾക്കുമുന്പിൽ ആദരവിന്റെ ആയിരം പുഷ്പദളങ്ങൾ !!!.