ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ നവഗ്രഹമണ്ഡപത്തിന്റെ ഭൂമി പൂജയും ശിലാസ്ഥാപനവും വിപുലമായ പരിപാടികളോടെ നടത്തി.
ജനുവരി 15നു ബുധനാഴ്ച രാവിലെ ഒന്‍പതിനും പത്തരയ്ക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ശ്രീ കക്കാട് ശശി തിരുമേനിയുടെ മുഖ്യകാര്മികത്വത്തിലാണ് കര്‍മ്മങ്ങള്‍ നടന്നത്. ക്ഷേത്രം പ്രസിഡണ്ട് അജിത് നായര്‍ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു.
തുടര്‍ന്ന് അമ്മന്‍കോട് ചന്ദ്രശേഖരന്‍ തിരുമേനിയുടെ നേതൃത്വത്തില്‍ നവഗ്രഹസ്‌തോത്ര പാരായണവും നടന്നു. ചടങ്ങിന് നിരവധി ഭക്തജനങ്ങള്‍ സാക്ഷ്യം വഹിച്ചു.
ഹൈന്ദവ ആചാരങ്ങളിലും വിശ്വാസത്തിലും നവഗ്രഹ ആരാധനയ്ക്കു വളരെ അധികം പ്രാധാന്യം ഉണ്ട്. ഒരു വ്യക്തിയുടെ ആയുസ്, ആരോഗ്യം, വിദ്യാഭ്യാസം, ജോലി, വിവാഹം, സാമ്പത്തികസ്ഥിതി ഇവയെല്ലാം അവരുടെ ഗ്രഹനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. ദുരിത നിവാരണങ്ങള്‍ക്കും  കാര്യസാധ്യത്തിനും നവഗ്രഹാരാധന ഫലപ്രദമാണെന്നു വിശ്വസിക്കപ്പെടുന്നു.
നിരവധി ഭക്തജനങ്ങളുടെ സാമ്പത്തിക സഹായവും സഹകരണവും കൊണ്ടാണ് ഈ നവഗ്രഹ മണ്ഡപം നിര്‍മ്മിയ്ക്കുന്നതെന്നും ഈ ഉദ്യമത്തില്‍ പങ്കാളികള്‍ ആകുവാന്‍ താല്‍പര്യമുള്ളവര്‍ക്കു ക്ഷേത്രഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും ക്ഷേത്രം പിആര്‍ഓ മഞ്ജു മേനോന്‍ പറഞ്ഞു.