ഡാലസ്: ഇന്‍സ്‌പെയറിങ് ഹൊറിസോണ്‍സ് (Inspiring Horizons) എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കാരുണ്യ സ്പര്‍ശം 2020 എന്ന പേരില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ഇവന്റ് ഫെബ്രുവരി 2 ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് ഡാലസിലെ ഗാര്‍ലന്റില്‍ ഉള്ള ഗ്രാന്‍വില്ലി ആര്‍ട്‌സ് സെന്ററില്‍ (300 N 5th St, Garland, Tx 75040) വെച്ച് നടത്തപ്പെടുന്നു
അമേരിക്കയിലെ പ്രമുഖ സംഘടന ആയ ജുവനൈല്‍ ഡയബറ്റിസ് റിസേര്‍ച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് ആണ് ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്നതായ ഫണ്ട് ജുവനൈല്‍ ഡയബറ്റിസ് റിസേര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഡാലസിലെ പ്ലാനോയില്‍ ഉള്ള ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സില്‍ പഠിക്കുന്ന അന്ന, അപര്‍ണ്ണ, ഏറിന്‍, ജൂലിയ, ജെസ്‌ലിന്‍, റിയ, ശ്രേയ, സ്മൃതി, നേഹ എന്നീ ഒന്‍പത് കുട്ടികള്‍ തങ്ങളുടെ സ്‌കൂള്‍ പഠനക്കാലത്ത് സമൂഹത്തിന് എന്ത് ചെയ്യുവാന്‍ സാധിക്കും എന്ന ആശയം മറ്റ് കുട്ടികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കാരുണ്യ സ്പര്‍ശം എന്ന പേരില്‍ ഈ ഡാന്‍സ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ഈ സ്‌കൂളില്‍ പഠിച്ച കുട്ടികള്‍ നടത്തിയ. പ്രോഗ്രാമില്‍ നിന്ന് സമാഹരിച്ച ഫണ്ട് ഫാ.ചിറമേല്‍ അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കിഡ്‌നി ഫൗണ്ടേഷനും, ഷീബ അമീറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വാന്തനം എന്ന പേരില്‍ അറിയപ്പെടുന്ന സൊലസ് എന്ന സന്നദ്ധ സംഘടനക്കും ആണ് നല്‍കിയത്.
ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ഡയറക്ടറും, പ്രശസ്ത നര്‍ത്തകി പ്രൊഫ.കലാക്ഷേത്ര വിലാസിനിയുടെ ശിഷ്യയും, എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദധാരിയും ആയ മിനി ശ്യാമിന്റെ നേതൃത്വത്തില്‍ അനേകര്‍ കുട്ടികളുടെ ഈ ഉദ്യമത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കി പ്രോത്സാഹിപ്പിക്കുന്നു.
ഡാലസിലെ വിവിധ ഡാന്‍സ് സ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന കാരുണ്യ സ്പര്‍ശം എന്ന ഈ പ്രോഗ്രാമിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : മിനി ശ്യാം 214 537 3612