ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായം മാത്രമാണെന്നും പൗരത്വം അനുവദിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും ശശി തരൂര്‍. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍ എം.പി.

‘സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായമാണ്. പൗരത്വം നല്‍കുന്നത് ഫെഡറല്‍ സര്‍ക്കാറാണ്. ഒരു സംസ്ഥാനത്തിനും പൗരത്വം നല്‍കാനാവില്ല. അതിനാല്‍ നടപ്പാക്കില്ല അല്ലെങ്കില്‍ നടപ്പാക്കും എന്ന് പറയുന്നതില്‍ ഒന്നുമില്ല.’

‘സംസ്ഥാനങ്ങള്‍ക്ക് പ്രമേയം പാസാക്കാം, അല്ലെങ്കില്‍ കോടതിയെ സമീപിക്കാം. പക്ഷേ പ്രായോഗികമായി അവര്‍ക്ക് എന്താണ് ചെയ്യാനാകുക? സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാനാവില്ല. പക്ഷേ, പ്രധാന പങ്ക് വഹിക്കാനുള്ളതിനാല്‍ എന്‍.പി.ആറും എന്‍.ആര്‍.സിയും നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് പറയാനാകും. കാരണം, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ ഉദ്യോഗസ്ഥരാണ്’ -തരൂര്‍ വ്യക്തമാക്കി.