ആലപ്പുഴ: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനും മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സെന്‍കുമാര്‍ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അറിയാം. ഏലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. തന്റെ പേരില്‍ കായംകുളത്തുള്ള കോളജിന്റെ പേര് മാറ്റുന്നതില്‍ സന്തോഷമാണ്. കോളജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ള ഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ് അതിന് നോട്ടീസ് നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളിയും ഇരുവര്‍ക്കുമെതിരെ രംഗത്ത് വന്നിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസു എന്നായിരുന്നു തുഷാറിന്റെ പ്രതികരണം. സെന്‍കുമാറിന് എസ്.എന്‍.ഡി.പിയുമായി യാതൊരു ബന്ധവുമില്ലെന്നും മക്കളുടെ കല്യാണം നടത്താന്‍ വേണ്ടി എസ്.എന്‍.ഡി.പിയില്‍ ചേര്‍ന്ന ആളാണ് സെന്‍കുമാറെന്നും തുഷാര്‍ പ്രതികരിച്ചിരുന്നു. സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു തുഷാറിന്റെ രൂക്ഷമായ പ്രതികരണം.