മമ്മൂട്ടിയും അജയ് വാസുദേവും ഒട്ടും മാറിയിട്ടില്ല. കുറച്ച് അട്ടഹാസവും പഴയ തമിഴ് സിനിമയിലെ നൂറു പേരെ ഒറ്റയടിക്കു വീഴിക്കുന്ന നായകനും ചേർത്ത് ഒരു മസാല. പഴയ സൂപ്പർ ഹിറ്റ് സിനിമയിലെ ഡയലോഗ് ചേർത്ത് വെച്ച് ഒരു കഥ കുത്തി തിരുകിയാൽ പ്രബുദ്ധരായ ആസ്വാദകർ വെള്ളം തൊടാതെ വിഴുങ്ങുമെന്ന് നിങ്ങളോട് പറഞ്ഞത് ആരാണ് ഹേ!

ഇതിലും ഭേദം ഗ്യാംഗ്സ്റ്റർ തന്നെയായിരുന്നു. മിസ്റ്റർ അജയ് വാസുദേവ് നിങ്ങളീ പണി നിർത്തണം.
നിങ്ങൾ ബി.ജി.എം എന്ന് പറഞ്ഞ് ചേർത്ത് കൊടുത്ത വാടാ പോടാ വിളിയുടെ പഞ്ചെങ്കിലും മമ്മൂട്ടിയുടെ ഒരു ഡയലോഗിന് കൊടുക്കാമായിരുന്നു.ഇത് രാജമാണിക്യത്തിന് മധുര രാജയിലുണ്ടായ കുഞ്ഞല്ല. പട്ടണത്തിൽ ഭൂതത്തിന് നിങ്ങളുടെ തന്നെ മാസ്റ്റർ പീസിലുണ്ടായ ചാപിള്ളയാണ്.സിനിമയിലെ പലിശക്കാരനായ ബോസ് എന്നും ഷൈലോക്ക് എന്നും വിളിക്കപ്പെടുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഒരു സിനിമ സെറ്റിൽ പോയി അലമ്പുണ്ടാക്കുന്നതും വില്ലനായ പ്രൊഡ്യൂസർ പ്രതാപ വർമ്മ അയാളെ നശിപ്പിക്കാൻ ശ്രമിക്കുന്നതുമാണ് ഇന്റർവെൽ വരെയുള്ള കഥ.പഴയ സിനിമകളിലെ കുറച്ച് ഡയലോഗുകൾ എടുത്തു വീശുന്ന ബോസിന് വില്ലനായ പ്രതാപ വർമ്മയും സഹ വില്ലനായ കമ്മീഷണറും നിസാരം! പിന്നെ ഇന്റർവെൽ വരെ വില്ലൻ കടുത്ത പകയിൽ ചെയ്യുന്നതെല്ലാം പണം തിരിച്ചു ചോദിച്ചതിന്റെ പ്രതികാരം മാത്രം!

ഇന്റെർവെൽ കഴിയുമ്പോൾ വില്ലന്റെ ഫാമിലിയെ കൊന്ന് നായകന്റെ പ്രതികാരം. ഇടക്ക് നായകന്റെ കുടുംബത്തെ കൊന്ന ഒരു ഫ്ലാഷ്ബാക്ക് കഷ്ടപ്പെട്ട് കുത്തി തിരുകിയിരിക്കുന്നു. അഞ്ചാംപാതിര ,കെട്ടിയോ ളാണ് എന്റെ മാലാഖ, ഡ്രൈവിംഗ് ലൈസൻസ് പോലുള്ള കുടുംബചിത്രങ്ങൾ തിയറ്ററിൽ തരംഗം സൃഷ്ടിക്കുമ്പോൾ മഹാനടൻമാരുടെ ചിത്രങ്ങൾ മൂക്കും കുത്തി വീഴാൻ കഥയില്ലായ്മ തന്നെ ധാരാളം. ബിഗ് ബ്രദറിന് സംഭവിച്ചതു തന്നെ ഷൈലോക്കിനും സംഭവിക്കുന്നു.