ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കുന്ന കേസുകളില്‍ കൂടുതല്‍ പരിഗണന ഇരയ്ക്ക് നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികള്‍ക്ക് നിയമപരമായ പോംവഴികള്‍ തേടുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

നിയമത്തിലെ നൂലാമാലകള്‍ ഉപയോഗിച്ച്‌ ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ കുറ്റവാളിക്ക് അവസരം നല്‍കുന്നതാണ് നിലവിലെ മാര്‍ഗനിര്‍ദേശങ്ങളെന്ന് കേന്ദ്രം പറയുന്നു. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.

വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ മാറ്റം വരുത്തണമെന്നും പ്രതികളുടെ മറ്റെല്ലാ ഹരജികളും തള്ളുന്ന സാഹചര്യത്തില്‍ തിരുത്തല്‍ ഹരജി നല്‍കാന്‍ സമയപരിധി നിശ്ചയിക്കണമെന്നും കേന്ദ്രം നല്‍കിയ ഹരജിയില്‍ പറയുന്നു.

മരണവാറണ്ട് പുറപ്പെടുവിച്ച്‌ ഏഴ് ദിവസത്തിനകം ദയാഹരജി നല്‍കണം. ദയാഹരജി തള്ളുകയാണെങ്കില്‍ ഒരാഴ്ചക്കകം ജയില്‍ അധികൃതര്‍ മരണവാറണ്ട് നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

2012ലെ നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രം കോടതിയിലെത്തിയത്. നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രതികളിലൊരാള്‍ ദയാഹരജി സമര്‍പ്പിച്ചതോടെ ശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്.

നിലവില്‍, ദയാഹരജി രാഷ്ട്രപതി തള്ളിയാലും ശിക്ഷ നടപ്പാക്കാന്‍ 14 ദിവസത്തെ സമയമുണ്ട്.