ജയ്പൂര്‍ : മുഖ്യമന്ത്രിയോട് ആരാധനമൂത്തു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മകന് ‘കോണ്‍ഗ്രസ്’ എന്നു പേരിട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയോടും മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടും ആരാധന മൂത്ത വിനോദ് ജയിനാണ് തന്റെ രണ്ടാമത്തെ മകന് ഇങ്ങനെയൊരു പേരിട്ടത്. വര്‍ഷങ്ങള്‍ക്കപ്പുറം ‘കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിന് വോട്ടു ചെയ്യൂ’ എന്നൊരു മുദ്രാവാക്യം കേള്‍ക്കണം എന്നാണ് വിനോദിന്റെ ആ​ഗ്രഹം.

ഉദയ്പൂരില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ മീഡിയ ഓഫിസര്‍ ആണ് വിനോദ്. കഴി‍ഞ്ഞവര്‍ഷം ജൂലൈയിലാണ് കുഞ്ഞ് പിറന്നത്. വിനോദ് ആ​ഗ്രഹിച്ച പേര് മകന് ഇടുന്നതില്‍ കുടുംബത്തില്‍ പലര്‍ക്കും എതിര്‍പ്പായിരുന്നു. എല്ലാവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ സമയമെടുത്തതുകൊണ്ടാണ് ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതു നീണ്ടത്. ഒടുവില്‍ ഈ ചൊവ്വാഴ്ച മകന്റെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങി. പേര് കോണ്‍ഗ്രസ് ജയിന്‍.

പെട്ടന്നുണ്ടായ തീരുമാനമല്ല മകന്റെ പേരിടലെന്നും കുടുംബത്തിലുള്ളവരെല്ലാം കോണ്‍​ഗ്രസുകാരാണെന്നും വിനോദ് പറയുന്നു. മകനു 18 വയസാകുമ്ബോള്‍ അവന്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങുമെന്നാണ് ഇയാളുടെ പ്രതീക്ഷ.