ന്യൂഡല്‍ഹി : വധശിക്ഷ നടപ്പിലാക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ‌2014ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദം ഹര്‍ജി നല്‍കി. പ്രതികള്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതില്‍ കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ഭയ കേസില്‍ പ്രതികളുടെ ഹര്‍ജികള്‍ കാരണം വധശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി.

നിലവിലെ നിയമം കുറ്റവാളികളുടെ പക്ഷത്തോട് ചായ്‌വുള്ളതാണെന്നും നിയമം കൊണ്ടു കളിക്കാനും വധശിക്ഷ നടപ്പാക്കല്‍ നീട്ടിക്കൊണ്ടുപോകാനും അവരെ സഹായിക്കുന്നതാണെന്നും കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ലഭ്യമായ അവകാശങ്ങളെ കുറിച്ച്‌ സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ മാറ്റങ്ങള്‍ വരുത്തണം. വധശിക്ഷ പുനഃപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു ശേഷം തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ പ്രതിക്ക് സമയപരിധി ഏര്‍പ്പെടുത്തണം എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നു.