തിരുവനന്തപുരം: താന്‍ കോളേജില്‍ പഠിക്കുന്നതുവരെ ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് രാജിവച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കോളേജില്‍ പഠിക്കുന്നതു വരെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നുവെന്നും പതിവായി ശാഖയില്‍ പോയിരുന്നുവെന്നും ഒരിക്കല്‍ ആര്‍.എസ്.എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടേ ദേശ സങ്കല്പം വേറെയാണ്. തിരിച്ചറിവ് വന്നതോടെയാണ് ആര്‍.എസ്.എസില്‍ നിന്ന് വിട്ടുപോന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍വീസില്‍ നിന്ന് ഏറെ നിരാശയോടെയാണ് രാജിവെച്ചത്. എന്നാല്‍ ഇപ്പോള്‍​ വളരെയധികം പ്രതീക്ഷയാണെന്നും അദ്ദേഹം പറയുന്നു. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളോട് വിയോജിച്ചാണ് മലയാളി ഐ.എ.എസ് ഉദ്യോ​ഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ രാജിവെക്കുന്നത്.