കൊച്ചി: കൂടത്തായി കൊലപാതക പരമ്ബരയെ ആസ്പദമാക്കി ഒരു ചാനല്‍ സംപ്രേക്ഷണം ചെയ്ത സീരിയലിന്‍റെ സംപ്രേക്ഷണം രണ്ടാഴ്ചത്തേക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കൊലപാതക പരമ്ബരയിലെ മൂന്ന് കേസുകളില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയാക്കാനുണ്ടെന്നും ഈ സാഹചര്യത്തില്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ നിര്‍ണായക സാക്ഷികളാണ് താനും തന്‍റെ മാതാവുമെന്നും തങ്ങളുടെ ഇരുവരുടേയും നിര്‍ണായക മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് സീരിയലില്‍ അറിയിപ്പായി പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി തന്നെയാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതെന്നും ഇതു തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.