ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫോര്‍മുല തള്ളിയതോടെ ജംബോ പട്ടികയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. പട്ടികയില്‍ നൂറിലേറെ പേര്‍ ഉണ്ടാകാനാണ് സാധ്യത. എന്നാല്‍ പട്ടിക ചുരുക്കിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് മുല്ലപ്പള്ളി.

ചര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ നേതാക്കള്‍ സമവായത്തിലെത്തിയാല്‍ പട്ടിക ഹൈക്കമാന്റിന് കൈമാറും. ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, അഞ്ച് വൈസ് പ്രസിഡന്റുമാര്‍, 30 ജനറല്‍ സെക്രട്ടറിമാര്‍, 60 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്ന നിലക്കാണ് നിലവിലെ പട്ടിക ക്രമീകരിച്ചിരിക്കുന്നത്.

ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. ജനറല്‍ സെക്രട്ടറി പദത്തിലേക്ക് 14 വീതം പേരുകളാണ് ഇരുഗ്രൂപ്പും മുല്ലപ്പള്ളിക്ക് കൈമാറിയിരിക്കുന്നത്.