ന്യൂഡല്‍ഹി: നേപ്പാളിലെ ദാമനില്‍ ഹോട്ടല്‍മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എട്ട് മലയാളികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. തൃഭുവന്‍ സര്‍വ്വകലാശാല മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. സമയം വൈകിയതിനാല്‍ ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയിരുന്നില്ല.

ബുധനാഴ്ച വൈകിട്ടത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രണ്ട് വിമാനങ്ങളിലായി മാത്രമേ മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. ബുധനാഴ്ച വൈകുന്നേരത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നേപ്പാള്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്വകാര്യ റിസോര്‍ട്ടിലെ അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 പേരടങ്ങിയ സംഘത്തില്‍പ്പെട്ടവരാണു മരിച്ചത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്ബതികളും കുട്ടികളുമാണ് മരിച്ചത്. ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.