കൊച്ചി: മരട് അനിധികൃത ഫ്‌ളാറ്റ് നിര്‍മാണത്തില്‍ സിപിഎം നേതാവും മരട് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എ.ദേവസ്സിയെ പ്രതി ചേര്‍ക്കുന്നതിന് ഡിജിപിയുടെ നിയമോപദേശം തേടി. അനധികൃത നിര്‍മാണത്തില്‍ ദേവസ്സിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന ക്രൈംബ്രഞ്ചിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ദേവസ്സി മരട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് അനധികൃത നിര്‍മാണം നടന്നത്. നിലവില്‍ അദ്ദേഹം മരട് നഗരസഭാ പ്രതിപക്ഷ നേതാവാണ്. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയാണ് ഡിജിപിയോട് നിയമോപദേശം തേടിയത്. ദേവസിയേ പ്രതിചേര്‍ത്ത് അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാരിന്റെ അനുമതി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.

ദേവസ്സിക്കെതിരേ അന്ന് പഞ്ചായത്ത് അംഗങ്ങളായിട്ടുള്ളവര്‍ ക്രൈംബ്രാഞ്ചിന് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മരടിലെ സിപിഎമ്മിന്റെ മുഖമാണ് കെ.എ.ദേവസ്സി.