തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ വിമര്‍ശിച്ചു കോണ്‍ഗ്രസ്‌ നേതാവ് ഉമ്മന്‍ചാണ്ടി.
ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ നിയന്ത്രിക്കുവാനുമുള്ള ഒരു നീക്കവും അംഗീകരിക്കുവാന്‍ സാധിക്കില്ല. ഭരണഘടനപരമായി ഗവര്‍ണര്‍ പദവിക്കുള്ള പരിമിതികള്‍ മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ കേരള ഗവര്‍ണര്‍ തയാറാകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത് നിയമപരമായി തന്നെ പ്രശ്നപരിഹാരത്തിനായുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിയമസഭാ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനും കേരളത്തിന്റെ പൊതുവികാരത്തിനും അനുയോജ്യമായ തുടര്‍ നടപടിയാണത്.

ഇന്ത്യന്‍ ജനാധിപത്യ ഭരണക്രമത്തില്‍ ഗവര്‍ണര്‍മാര്‍ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്. അത് മറികടന്നാണ് ഗവര്‍ണറുടെ പ്രതികരണങ്ങള്‍. അതുകൊണ്ട് പരസ്യമായ വിവാദങ്ങള്‍ ഒഴിവാക്കി നാടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവര്‍ണര്‍ സര്‍ക്കാരുമായി സഹകരിച്ച്‌ മുന്നോട്ടുപോകാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.