വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്മെന്റ് പ്രമേയ വിചാരണ ചൊവ്വാഴ്ച രാത്രി സെനറ്റില്‍ ആരംഭിച്ചു. ദിവസം ആറു മണിക്കൂര്‍ വീതം സുപ്രീംകോടതി ചീഫ് ജസ്റ്റിസിെന്റ അധ്യക്ഷതയിലാണ് വാദം കേള്‍ക്കുന്നത്.
സെനറ്റിലെ മുഴുവന്‍ അംഗങ്ങളും ജൂറിയും ജനപ്രതിനിധിസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രോസിക്യൂട്ടര്മാരുമാണ്. 100 അംഗ സെനറ്റില്‍ 67 പേരുടെ പിന്തുണയാണ് പ്രമേയം പാസാകാന്‍ വേണ്ടത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കുറ്റക്കാരനായി സെനറ്റ് കണ്ടെത്തിയാല്‍ ട്രംപിന് പുറത്ത് പോകേണ്ടിവരും. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ പ്രമേയം പാസാകാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
അതേസമയം, ഭരണഘടനക്ക് വിരുദ്ധമായ ഇംപീച്മെന്റ് നടപടികള്‍ പിന്‍വലിക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രെയ്ന് സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്മെന്റ് നേരിടുന്നത്.