തിരുവനന്തപുരം : എന്‍ജിനിയറിംഗ് കോളേജിലെ രണ്ട് പതിറ്റാണ്ട് മുമ്ബത്തെ സൗഹൃദം ആഘോഷിയ്ക്കാന്‍ അവര്‍ ഒത്തുകൂടിയത് മരണത്തിലേയ്ക്ക്.
പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജിലെ സൗഹൃദത്തിന്റെ ഓര്‍മ പുതുക്കാനാണ് നാല് സുഹൃത്തുക്കളും കുടുംബവും നേപ്പാളിലേക്ക് പോയത്. സുഹൃത്തുക്കളെല്ലാം പാപ്പനംകോട് എന്‍ജിനീയറിങ് കോളജിലെ 2000-2004 ബാച്ചില്‍പ്പെട്ടവര്‍. സൗഹൃദത്തിന്റെ 20 വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ അടുത്ത വര്‍ഷം റീ യൂണിയനും പദ്ധതിയിട്ടിരുന്നു. അപകടത്തില്‍ മരിച്ച പ്രവീണാണ് റീയൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

നേപ്പാളിലെ ഹോട്ടല്‍ മുറിയിലെ ഹീറ്റര്‍ തകരാറിലായി മുറിയില്‍ നിറഞ്ഞ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് ചേങ്കോട്ടുകോണം അയ്യന്‍കോയിക്കല്‍ ലൈനില്‍ രോഹിണി ഭവനിലെ പ്രവീണിന്റെയും കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തില്‍ രഞ്ജിത്ത് കുമാറിന്റെയും കുടുംബങ്ങള്‍ അപകടത്തില്‍പ്പെട്ടത്. രഞ്ജിത്തിന്റെ മകന്‍ മാത്രമാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. നാലു സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

എന്‍ജിനീയറിങ് കോളജിലെ ബാച്ചിലുണ്ടായിരുന്ന 56 പേരും പഠനത്തിനുശേഷവും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ള ഇവരെല്ലാം ഇടയ്ക്കിടെ ഒത്തുചേരാറുണ്ടായിരുന്നു. കുടുംബവുമായി യാത്രകളും പതിവായിരുന്നു. വാട്‌സാപ്പ് വഴിയും ഫോണ്‍ കോളുകളിലൂടെയും സൗഹൃദം നിലനിര്‍ത്തി. ഇത്രയും ദൂരേക്ക് യാത്ര പോകുന്നത് ആദ്യമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നേപ്പാളിലാണെന്നും വെള്ളിയാഴ്ച തിരിച്ചു വരുമെന്നുമാണ് പ്രവീണ്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.