പെന്‍സില്‍വേനിയ: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 34-മത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ്, പെന്‍സില്‍വേനിയ ലാന്‍കാസ്റ്റര്‍ വിന്റാം റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു 2020 ജൂലൈ 22 മുതല്‍ 25 വരെ (ബുധന്‍ -ശനി) നടത്തപ്പെടുന്നു.

സഭാംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും സഹകരണവും മെച്ചപ്പെടുത്തുക, സഭയുടെ വിശ്വാസാചാരങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നതിനുള്ള അവസരമൊരുക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി നടത്തിവരുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഈവര്‍ഷത്തെ വിശിഷ്ടാതിഥിയായി മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും, കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പങ്കെടുക്കും.

‘നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുന്നില്‍ പ്രകാശിക്കട്ടെ: മത്തായി 5-16’ എന്നതായിരിക്കും ഈവര്‍ത്തെ പ്രധാന ചിന്താവിഷയം. കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടയ്ക്കാട് കണ്‍വീനറായും, ഭദ്രാസന ട്രഷറര്‍ പി.ഒ. ജേക്കബ് ജോയിന്റ് കണ്‍വീനറായും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സബ് കമ്മിറ്റി കണ്‍വീനര്‍മാരായും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.

ജനുവരി 11-ന് ന്യൂജേഴ്‌സിയിലെ പാരമസിലുള്ള മോര്‍ അപ്രേം സെന്റര്‍ ഹാളില്‍ വച്ചു നടത്തപ്പെട്ട ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷത്തിന്റേയും ഇടവക മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ വാര്‍ഷികാഘോഷത്തിന്റേയും സംയുക്ത ചടങ്ങില്‍ വച്ചു കുടുംബമേളയുടെ പ്രഥമ കിക്ക്ഓഫ് ഉദ്ഘാടനം നടത്തുകയുണ്ടായി. ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച ചടങ്ങില്‍, സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഈസ്റ്റേണ്‍ റീജിയന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ ദിവന്നാസ്യോസ് യൂഹാനോന്‍ കവാക് മെത്രാപ്പോലീത്തയും സന്നിഹിതനായിരുന്നു. വന്ദ്യ വൈദീകരും നൂറുകണക്കിനു വിശ്വാസികളും പങ്കെടുത്ത ചടങ്ങില്‍ വച്ചു മെഗാ സ്‌പോണ്‍സര്‍ ഈപ്പന്‍ മാളിയേക്കലിനും കുടുംബത്തിനും രജിസ്‌ട്രേഷന്‍ നല്‍കിക്കൊണ്ട് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത തിരുമേനി ഈവര്‍ഷത്തെ കിക്ക്ഓഫിനു തുടക്കം കുറിച്ചു. അതിനുശേഷം റോയി മാത്യുവും കുടുംബവും മെഗാ സ്‌പോണ്‍സര്‍മാരായി രജിസ്‌ട്രേഷന്‍ നടത്തി കിക്ക്ഓഫ് ചടങ്ങ് വന്‍ വിജയമാക്കി. ഇതൊരു ശുഭകരമായ തുടക്കമാണെന്നും അതിനായി ശ്രമിച്ച എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും ഇടവക മെത്രാപ്പോലീത്ത മറുപടി പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.

ഭദ്രാസന ട്രഷറര്‍ പി.ഒ. ജേക്കബ് നന്ദി രേഖപ്പെടുത്തി. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.