തിരുവനന്തപുരം: തുടര്‍ച്ചയായി ബിജെപി നേതൃത്വത്തിനെതിരെ നിലപാടെടുത്ത് ഒ രാജഗോപാല്‍ എംഎല്‍എ ബിജെപിക്ക് തലവേദന സൃഷ്ടിക്കുകയാണ്. നിയമസഭയില്‍ നടന്ന പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രമേയത്തില്‍ രാജഗോപാല്‍ എതിര്‍പ്പ് രേഖപ്പെടുത്തതിനാല്‍ കേന്ദ്രത്തിനെ വെല്ലുവിളിക്കുന്ന പ്രമേയം ഏകകണ്ഠമായാണ് പാസായത്. ഇതിനെതിരെ ബിജെപിക്ക് ഉള്ളില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് ഗവര്‍ണറെ വിമര്‍ശിച്ച്‌ രംഗത്തെത്തി ഒ രാജഗോപാല്‍ എംഎല്‍എ ബിജെപിയെ വലയ്ക്കുന്നത്.

സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനെ ഗവര്‍ണര്‍ വിമര്‍ശിക്കുമ്ബോഴാണ് ഒ രാജഗോപാല്‍ ഗവര്‍ണറെയും സര്‍ക്കാരിനെയും വിമര്‍ശിച്ച്‌ രംഗത്തെത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ രംഗത്തെത്തിയ ഒ രാജഗോപാലിന്റെ നടപടിയില്‍ ബിജെപി നേതൃത്വം അസംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയും ഗവര്‍ണറും സംയമനം പാലിക്കണമെന്ന ഒ രാജഗോപാലിന്റെ നിലപാടിനെതിരെ കടുത്ത അമര്‍ഷം രേഖപ്പെടുത്തുകയാണ് സംസ്ഥാനത്തെ ബിജെപി.

ഒ രാജഗോപാല്‍ എതിര്‍പ്പ് രേഖപ്പെടുത്താത് കൊണ്ട് മാത്രം ഐകകണ്‌ഠ്യേന പ്രമേയം പാസായ വിവാദം ഇത് വരെ പാര്‍ട്ടിക്കകത്ത് കെട്ടടങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പുതിയ വിവാദം. അന്ന് പ്രമേയത്തെ എതിര്‍ക്കാന്‍ പാര്‍ട്ടി നിര്‍ദേശം കിട്ടിയില്ലെന്നായിരുന്നു രാജഗോപാലിന്റെ വിശദീകരണം. എംഎല്‍എയും പാര്‍ട്ടി സംസ്ഥാന ഘടകവുമായി ഏറെനാളായി കാര്യമായി ആശയവിനിമയം നടക്കുന്നില്ലെന്ന രാജഗോപാലിന്റെ വിമര്‍ശനം ശരിവെയ്ക്കുന്നതായിരുന്നു ആ നടപടി. ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിച്ചതിലടക്കം തന്നോട് കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന പരാതിയും രാജഗോപാലിനുമുണ്ട്. അതിലുള്ള അതൃപ്തിയാണ് രാജഗോപാലിന്റെ വേറിട്ട പ്രസ്താവനകളിലൂടെ വ്യക്തമാവുന്നത്.

അതേസമയം, ഗവര്‍ണറെ വിമര്‍ശിച്ച ഒ രാജഗോപാലുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. ഗവര്‍ണറെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്ന് ഒ രാജഗോപാല്‍ പറഞ്ഞതായി മുരളീധരന്‍ അറിയിച്ചു. മുഖ്യമന്ത്രി ഗവര്‍ണര്‍ തര്‍ക്കം പരിഹരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും രാജഗോപാലിന്റെ പ്രസ്താവന പാര്‍ട്ടിയില്‍ ഒരു ആശയകുഴപ്പവും ഉണ്ടാക്കിയിട്ടില്ലെന്നും വി മുരളീധരന്‍ വിശദീകരിച്ചു.