ലക്‌നൗ: എന്തു സംഭവിച്ചാലും പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആര് പ്രതിഷേധിക്കുന്നു എന്നത് കാര്യമാക്കുന്നില്ല. പ്രതിപക്ഷത്തെ തങ്ങള്‍ ഭയക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കത്തിനില്‍ക്കുന്ന വേളയിലാണ് അമിത് ഷായുടെ വാക്കുകള്‍.ലക്‌നൗവില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച്‌ സംവാദം നടത്താന്‍ പ്രതിപക്ഷ നേതാക്കളെ അമിത് ഷാ വെല്ലുവിളിച്ചു. ‘എന്തു തന്നെ സംഭവിച്ചാലും നിയമം അതുപോലെ നിലനില്‍ക്കും. ഈ നിയമം പിന്‍വലിക്കില്ല. പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ല. പ്രതിപക്ഷത്തെ ഭയപ്പെടുന്നുമില്ല. ഞങ്ങള്‍ ഇതിനായി ജനിച്ചവരാണ്’- അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷം യാഥാര്‍ത്ഥ്യം ഉള്‍ക്കൊളളുന്നില്ല. അവരുടെ കണ്ണുകള്‍ വോട്ടുബാങ്ക് രാഷ്ട്രീയം കൊണ്ട് മറച്ചിരിക്കുകയാണ്. ഈ നിയമത്തെ കുറിച്ച്‌ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും നുണകള്‍ പ്രചരിപ്പിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ താന്‍ സംവാദത്തിന് വെല്ലുവിളിക്കുന്നു എന്ന് മമത ബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി എന്നിവരുടെ പേരു എടുത്തുപറഞ്ഞ് അമിത് ഷാ പറഞ്ഞു.

ഒരാളുടെ പൗരത്വം റദ്ദാക്കുമെന്ന് നിയമത്തില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുളളതായി തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. വര്‍ഷങ്ങളായുളള പാകിസ്ഥാനില്‍ നിന്നുളള അനധികൃത കുടിയേറ്റങ്ങളെയും ഭീകരവാദത്തെയും തടയാന്‍ കോണ്‍ഗ്രസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഭീകരര്‍ ഇവിടെ വന്ന് ബോംബുകള്‍ വര്‍ഷിച്ചപ്പോഴും മന്‍മോഹന്‍സിങ് മൗനം അവലംബിക്കുകയായിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

‘വിഭജനസമയത്ത്, ബംഗ്ലാദേശ് ജനസംഖ്യയുടെ 30 ശതമാനം ഹിന്ദുക്കളും സിക്കുകാരും ജൈനന്മാരും ബുദ്ധമതക്കാരുമായിരുന്നു. പാകിസ്ഥാനില്‍ ഇത് 23 ശതമാനമായിരുന്നു. ഇന്ന് ഇത് ഏഴും മൂന്നും ശതമാനമായി ചുരുങ്ങി. ഇവിടെയുളള ജനങ്ങള്‍ എവിടെ പോയി. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ ഇതിന് ഉത്തരം പറയണം.ഞാന്‍ ഈ ചോദ്യം നിങ്ങളോടായി ഉന്നയിക്കുകയാണ്’ – അമിത് ഷാ പറഞ്ഞു.