കഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ രണ്ടു ദമ്ബതികളും കുട്ടികളും അടക്കം എട്ടുമലയാളികള്‍ മരിച്ച നിലയില്‍. തിരുവനന്തപുരം ചേങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ്.പ്രവീണ്‍കുമാര്‍ നായര്‍(39), ശരണ്യ(34),ടിബി രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത് , ശ്രീഭദ്ര(9), അഭിനവ് (9), അഭിനായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്. മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്നുളള വാതകം ശ്വസിച്ച്‌ ഇവര്‍ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ഇന്ന് രാവിലെ നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിന് 50 കിലോമീറ്റര്‍ അകലെയുളള ദമാനിലാണ് സംഭവം. 15 പേരടങ്ങുന്ന വിനോദസഞ്ചാര സംഘം ഇന്നലെയാണ് ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തത്. നാലു സ്യൂട്ട് മുറികളാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ ഒരു മുറിയിലാണ് കഴിഞ്ഞതെന്ന് റിസോര്‍ട്ട് മാനേജര്‍ പറയുന്നു.രാവിലെ വാതിലില്‍ തട്ടിനോക്കുമ്ബോള്‍ പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ എല്ലാവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുറിയിലെ ജനലുകളും വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. അതിനാല്‍ മുറിയിലേക്ക് പുറത്തുനിന്നുളള വായുസഞ്ചാരം കടക്കാത്ത സ്ഥിതിയായിരുന്നുവെന്ന് മാനേജര്‍ പറയുന്നു. ഗ്യാസ് ഹീറ്ററില്‍ നിന്നുളള വാതകം ശ്വസിച്ചാണ് ഇവര്‍ക്ക് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി നേപ്പാള്‍ പൊലീസ് അറിയിച്ചു.

രാവിലെ സംഘത്തിലെ മറ്റുള്ളവര്‍ മുറിയില്‍ പോയസമയത്താണ് എട്ടുപേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ധംബരാഹിയിലെ എച്ച്‌ എ എം എസ് ആശുപത്രിയിലെത്തിച്ചു. രാവിലെ 10.40 നും 11.30നുമാണ് എട്ടുപേരെയും ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേ മരണം സംഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുന്നതിനും മറ്റു നടപടിക്രമങ്ങള്‍ക്കുമായി ഇന്ത്യന്‍ എംബസിയുമായും നേപ്പാള്‍ പൊലീസുമായും ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിയതായി വി മുരളീധരന്‍ പറഞ്ഞു.