ന്യൂഡൽഹി: ബിഹാറിലെ മുസഫർപൂരിൽ അഭയകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ പത്തൊൻപത് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. ഡൽഹി സാകേത് കോടതിയുടേതാണ് വിധി.
മുൻ എംഎൽഎ ബ്രിജേഷ് ഠാക്കൂറാണ് മുഖ്യപ്രതി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗികപീഡനം, ക്രിമിനൽ ഗൂഡാലോചന, കുട്ടികൾക്കെതിരായ ക്രൂരത തുടങ്ങി ജീവപര്യന്ത്യം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസിൽ ഒരാളെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ഈ മാസം 28ന് ശിക്ഷ വിധിക്കും.
ബിഹാറിലെ മുസഫർപൂരിൽ സേവ സങ്കൽപ്പ് ഏവം വികാസ് സമിതി എന്ന സന്നദ്ധ സംഘടന നടത്തിയ അഭയകേന്ദ്രത്തിലാണു പീഡനങ്ങൾ നടന്നത്. ഏഴിനും പതിനേഴിനുമിടയിൽ പ്രായമുള്ള മുപ്പത്തിനാല് പെണ്‍കുട്ടികൾ പീഡനത്തിനിരയായി എന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.