കഴിഞ്ഞ ദശകത്തില്‍ ലോകത്തെ ശതകോടീശ്വരന്മാര്‍ ഇരട്ടിയായതായും ആഗോള ജനസംഖ്യയുടെ 60 ശതമാനത്തേക്കാള്‍ സമ്പന്നരാണെന്നും ചാരിറ്റി ഓക്‌സ്ഫാം റിപ്പോര്‍ട്ട്.
പാവപ്പെട്ട സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും 12.5 ബില്യണ്‍ മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലികള്‍ ചെയ്യുന്നുണ്ട്.  ഇത് പ്രതിവര്‍ഷം കുറഞ്ഞത് 10.8 ട്രില്യണ്‍ ഡോളര്‍ വരും.
‘നമ്മുടെ തകര്‍ന്ന സമ്പദ്‌വ്യവസ്ഥ സാധാരണക്കാരുടെയും സ്ത്രീകളുടെയും ചെലവില്‍ ശതകോടീശ്വരന്മാരുടെയും വന്‍കിട ബിസിനസുകാരുടെയും പോക്കറ്റുകള്‍ നിറയ്ക്കുകയാണ്. ശതകോടീശ്വരന്മാര്‍ പോലും നിലനില്‍ക്കണോ എന്ന് ജനങ്ങള്‍  ചോദ്യം ചെയ്യാന്‍ തുടങ്ങുന്നതില്‍ അതിശയിക്കാനില്ല,’ ഓക്‌സ്ഫാം ഇന്ത്യ മേധാവി അമിതാഭ് ബെഹാര്‍ പറഞ്ഞു.
‘ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം അസമത്വം തകര്‍ക്കുന്ന നയങ്ങളില്ലാതെ പരിഹരിക്കാനാവില്ല,’ ദാവോസിലെ വാര്‍ഷിക വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് മുന്നോടിയായി ബെഹാര്‍ പറഞ്ഞു. അവിടെ അദ്ദേഹം ഓക്‌സ്ഫാമിനെ പ്രതിനിധീകരിക്കും.
സ്വിസ് ആല്‍പൈന്‍ റിസോര്‍ട്ടില്‍ ചൊവ്വാഴ്ച ഫോറം തുറക്കുന്നതിന് തൊട്ടുമുമ്പ് ആഗോള അസമത്വത്തെക്കുറിച്ചുള്ള ഓക്‌സ്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്  പരമ്പരാഗതമായി പ്രസിദ്ധപ്പെടുത്തും.
ലോകത്തിലെ ഏറ്റവും സമ്പന്നരായ 22 പുരുഷന്മാര്‍ക്ക് ആഫ്രിക്കയിലെ എല്ലാ സ്ത്രീകളേക്കാളും കൂടുതല്‍ സമ്പത്തുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേര്‍ 10 വര്‍ഷത്തേക്ക് അവരുടെ സ്വത്തിന് 0.5 ശതമാനം അധിക നികുതി നല്‍കിയിട്ടുണ്ടെങ്കില്‍, പ്രായമായവരിലും കുട്ടികളുടെ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും 117 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ നിക്ഷേപത്തിന് തുല്യമാകുമെന്ന് ഓക്‌സ്ഫാം പറഞ്ഞു.
ഫോബ്‌സ് മാഗസിന്‍, സ്വിസ് ബാങ്ക് ക്രഡിറ്റ് സ്യൂസ് എന്നിവയില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഓക്‌സ്ഫാമിന്റെ കണക്കുകള്‍. പക്ഷേ, അവ ചില സാമ്പത്തിക വിദഗ്ധരുടെ തര്‍ക്കവിഷയത്തിലാണിപ്പോള്‍.
4.6 ബില്യണ്‍ ദരിദ്രരെക്കാള്‍ 2,153 ശതകോടീശ്വരന്മാര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സ്വത്തുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
‘സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നത്. കാരണം, അവര്‍ മിക്കപ്പോഴും നമ്മുടെ സമ്പദ്വ്യവസ്ഥകളുടെയും ബിസിനസുകളുടെയും സമൂഹങ്ങളുടെയും ചക്രങ്ങള്‍ ചലിപ്പിക്കുന്ന പരിപാലന ദാതാക്കളാണ്,’ ബഹാര്‍ പറഞ്ഞു.
‘അവര്‍ക്ക് പലപ്പോഴും വിദ്യാഭ്യാസം നേടാനോ മാന്യമായ ജീവിതം നയിക്കാനോ സമൂഹങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പറയാനോ സമയമില്ല. അതിനാല്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തട്ടിലേക്ക് അവരെ താഴ്ത്തുന്നു, അല്ലെങ്കില്‍ അവര്‍ കുടുങ്ങുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ലോകമെമ്പാടും, 42 ശതമാനം സ്ത്രീകള്‍ക്ക് ജോലി നേടാന്‍ ബുദ്ധിമുട്ടാണ്.  കാരണം എല്ലാവിധ പരിചരണത്തിനും അവര്‍ വേണം. നേരെ മറിച്ച് പുരുഷന്മാരില്‍ വെറും ആറ് ശതമാനത്തിനു മാത്രമേ ജോലി നേടാന്‍ ബുദ്ധിമുട്ടുള്ളൂ,’ ഓക്‌സ്ഫാം കണക്കുകള്‍ വ്യക്തമാക്കുന്നു.