കാസര്‍ഗോഡ്: മഞ്ചേശ്വരം മിയാപദവില്‍ സ്‌കൂള്‍ അധ്യാപികയുടെ ദുരൂഹ മരണം സംബന്ധിച്ച്‌ പൊലീസ് അന്വേഷണം തുടരുന്നു. മൃതദേഹത്തില്‍ മുടി ഇല്ലാത്തതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

വിദ്യാവര്‍ധക ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയായ ബികെ രൂപശ്രീയെ മുടിയില്ലാതെ വിവസ്ത്രയായി മരിച്ച നിലയില്‍ ശനിയാഴ്ചയാണ് കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് കണ്ടെത്തല്‍. ഇവരുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ വ്യത്യസ്ത ടവര്‍ ഏരിയകളില്‍ ആണെന്നാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ചും പരിശോധന നടക്കുന്നുണ്ട്.

വിശദമായ അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്‌കൂള്‍ അധ്യാപകനെയടക്കം പൊലീസ് ചോദ്യം ചെയ്തിരുന്നു. നിലവില്‍ സംശയകരമായ കാര്യങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതേസമയം, രൂപശ്രീ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്നാണ് സഹപ്രവര്‍ത്തകരുടെ നിലപാട്.