പത്തനംത്തിട്ട: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ ആഡംബര കാര്‍ കുത്തിവരച്ച്‌ നശിപ്പിച്ച്‌ പുരോഹിതന്റെ ക്രൂരത. പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭയിലെ പുരോഹിതനാണ് പയ്യനാമണ്ണിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ കല്ലെടുത്ത് വരച്ചത്. കാര്‍ നശിപ്പിച്ചതിനെതിരെ ഉടമ പോലീസില്‍ പരാതി നല്‍കിയതോടെ സഭ ഇടപെട്ട് സംഭവം ഒത്തുതീര്‍പ്പാക്കി. കോന്നി ആനക്കല്ലുക്കല്‍ ഷേര്‍ലി ജോഷ്വായുടെ പുത്തന്‍ കാറിലാണ് മലങ്കര കത്തോലിക്കാ സഭാ പുരോഹിതന്‍ ഫാ മാത്യൂ കുത്തിവരച്ചതെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

പയ്യനാമണ്ണിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഷേര്‍ലി ജോഷ്വായും കുടുംബവും. തിങ്കളാഴ്ച നടക്കുന്ന മകന്‍ ജോജോയുടെ വിവാഹാവശ്യത്തിനായിരുന്നു പുതിയ കാര്‍ വാങ്ങിയത്. പയ്യനാമണ്ണില്‍ റാസയില്‍ പങ്കെടുക്കാനെത്തിയ പുരോഹിതനും ഇവരുടെ ബന്ധുവീട്ടിന്റെ മുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. പരിപാടിക്ക് ശേഷം മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പുത്തന്‍കാര്‍ കാരണം തന്റെ വാഹനം എടുക്കാന്‍ ബുദ്ധിമുട്ടിയതില്‍ പ്രകോപിതനായാണ് പുരോഹിതന്‍ കാറില്‍ കുത്തിവരച്ചെന്നാണ് കരുതുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാറുടമ പുരോഹിതനെതിരെ കോന്നി പോലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സഭ കുടുംബത്തെ സമീപിക്കുകയും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുകയുമായിരുന്നു. നശിപ്പിക്കപ്പെട്ട കാറിന് പകരം അതേ മോഡല്‍ പുതിയ കാര്‍ വാങ്ങി നല്‍കാമെന്നും വിവാഹ ആവശ്യത്തിന് മറ്റൊരു കാര്‍ വിട്ടുനല്‍കാമെന്നും പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് ഉറപ്പ് നല്‍കി. നശിപ്പിക്കപ്പെട്ട കാര്‍ സഭക്ക് നല്‍കാനാണ് തീരുമാനം. സാമൂഹ്യമാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ മാറ്റണമെന്നാണ് സഭ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതിനാല്‍ മാധ്യമങ്ങളോട് കുടുംബം പ്രതികരിക്കാന്‍ വിസമ്മതിച്ചു.