തിരുവനന്തപുരം: ഒടുവില്‍ ജംബോ പട്ടികയ്ക്കു വഴങ്ങി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗ്രൂപ്പ് സമര്‍ദം ശക്തമായതോടെ ‘ഒരാള്‍ക്ക് ഒരു പദവി’യെന്ന വാദവും മുല്ലപ്പള്ളി ഉപേക്ഷിച്ചതായാണ് വിവരം. വര്‍ക്കിങ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പടുന്ന ആള്‍ക്കൂട്ടപട്ടിക രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും.

അഞ്ചു വര്‍ക്കിങ് പ്രസിഡന്റുമാരും ആറ് വൈസ് പ്രസിഡന്റുമാരും 24 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് പ്രധാന ഭാരവാഹികളുടെ പട്ടിക. കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും പുറമെ ഐ ഗ്രൂപ്പില്‍ നിന്ന് വി.ഡി. സതീശനും എ ഗ്രൂപ്പില്‍ നിന്ന് പി.സി. വിഷ്ണുനാഥും വര്‍ക്കിങ് പ്രസിഡന്റുമാരാകും. ഇവര്‍ക്ക് പുറമെ ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഒരാള്‍ക്കൂടിയുണ്ടാകും. സാധ്യതയുള്ള കെ.വി. തോമസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ശൂരനാട് രാജശേഖരന്‍, വി.എസ്. ശിവകുമാര്‍ ,എ.പി. അനില്‍കുമാര്‍, തമ്ബാനൂര്‍ രവി എന്നിവര്‍ വൈസ് പ്രസിഡന്റ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മുന്‍ ഡിസിസി പ്രസി‍ഡന്റുമാരായ എ.എ. ഷുക്കൂര്‍, ടോമി കല്ലാനി, റോയി കെ. പൗലോസ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിമാരായിരുന്ന കെ. പ്രവീണ്‍കുമാര്‍, ജെയ്സണ്‍ ജോസഫ്, പഴകുളം മധു എന്നിവര്‍ക്ക് ജനറല്‍ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നല്‍കിയതായാണ് വിവരം.

സെക്രട്ടറിമാരായി അറുപതുപേരുടേയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 50 പേരുടേയും പട്ടികയാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയത്. ഇതിനു പുറമെ എംപിമാരുടെ നോമിനികളും ഉള്‍പ്പെടും. കെ.സി. വേണുഗോപാലുമായി അന്തിമചര്‍ച്ച നടത്തിയശേഷം പട്ടിക സോണിയഗാന്ധിക്കു കൈമാറും.