ആലപ്പുഴ: ക്യാന്‍സര്‍ കീഴടക്കുമ്ബോഴും നിറഞ്ഞ ചിരിയോടെ ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയാ സുധി സുരേന്ദ്രന് വിടചൊല്ലി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് സുധി സുരേന്ദ്രന്‍ അന്തരിച്ചത്. രോഗം കീഴടക്കി മരണത്തോട് അടുപ്പിച്ചുകൊണ്ടിരുന്ന ആ അവസാന നിമിഷങ്ങളിലും സുധി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ക്യാന്‍സറിന്റെ തീവ്രവേദനയിലും മനസുനിറഞ്ഞ് ചിരിക്കാനായിരുന്നു അനുവിനിഷ്ടം. ടിക് ടോക്കിലൂടെ സ്വയം ചിരിച്ചും,​ ചുറ്റുമുളളവരെ ചിരിപ്പിച്ചും ക്യാന്‍സര്‍ രോഗത്തിന്റെ വേദനകളെ മറന്ന അനു സുരേന്ദ്രന്‍ (സുധി)​ മരണത്തിന് കീഴടങ്ങി. മരണശേഷവും അനുവിനെ ടിക് ടോക്ക് പ്രമികള്‍ മറന്നിട്ടില്ല. അനുവിന്റെ പ്രൊഫൈലിലെ വീഡിയോകളിള്‍ ലൈക്കും ഷെയറും പൂക്കള്‍ പോലെ അര്‍പ്പിക്കുകയാണ് സുഹൃത്തുക്കള്‍.

ഒന്‍പതുമാസം മുമ്ബാണ് അനുവിന് ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. ജീവിതത്തിന്റെ സന്തോഷത്തിനിടയില്‍ വിളിക്കാതെ കയറിവന്ന അതിഥിയെ അനു ധീരതയോടെ നേരിട്ടു. കീമോതെറാപ്പിയുടെ തീവ്രവേദന ഉള്ളില്‍ സഹിച്ചാണ് തന്റെ എട്ടു വയസുള്ള മകനൊപ്പം അനു ആദ്യമായി ടിക് ടോക്കില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പലരും അനുവിന്റെ രോഗാവസ്ഥയെക്കുറിച്ച്‌ അറി‌ഞ്ഞത് പോലുമില്ല. കീമോതെറാപ്പിയിലൂടെ മുടി നഷ്ടപ്പെട്ട് മൊട്ടതലയുമായി അനു ടിക് ടോക്കില്‍ നിറഞ്ഞു. ഒരുദിവസംപോലും രോഗത്തിന്റെ പേരില്‍ അനു കരഞ്ഞിരുന്നില്ല. ജീവിതം കൈവിട്ട് പോകുമ്ബോഴും തളരാതെ ചിരിയോടെ നേരിടുകയായിരുന്നു അനു.

ടിക് ടോക്ക് വഴി പരിചയപ്പെട്ട നിരവധിപേര്‍ മരണമറിഞ്ഞ് അനുവിന്റെ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. അനുവിന് ടിക് ടോക്കില്‍ 522 വീഡിയോകളും 83300 ഫോളോവേഴ്സും ഉണ്ട് . അര്‍ബുദം സ്ഥിരീകരിച്ച ശേഷമാണ് എല്ലാ വീ‌ഡിയോകളും അനു ചെയ്തിട്ടുള്ളത്. രോഗം ഭേദമായി വീട്ടിലേക്ക് താന്‍ മടങ്ങി വരുമെന്ന ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു അനു. താന്‍ ചികിത്സയിലാണെന്നും മടങ്ങി വന്ന് ഒന്നിച്ച്‌ കാണാമെന്നും ബന്ധുക്കളോടും സുഹൃത്തുക്കളോടും അനു പറ‌ഞ്ഞിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് തന്റെ ജീവിതയാത്ര അനു ചിത്രങ്ങളിലൂടെ തന്നെ സ്നേഹിക്കുന്നവ‌ക്ക് കാട്ടിക്കൊടുത്തു. കുട്ടികാലം മുതലുള്ള ചിത്രങ്ങള്‍ കൂട്ടിതുന്നിയ വീഡിയോയായിരുന്നു അത്. എല്ലാ ചിരികളും ഓര്‍മകളാക്കി അനു തൊട്ടടുത്ത ദിവസം തന്നെ യാത്രയായി. തങ്ങളുടെ പ്രിയപ്പെട്ടവള്‍ ഇനി വീഡിയോകളിലൂടെ ജീവിക്കുമെന്നാണ് എല്ലാവരുടെയും നിറഞ്ഞ പ്രതീക്ഷ. ഏവൂര്‍ വടക്ക് രചനയില്‍ പരേതനായ കെവി സുരേന്ദ്രന്റയും സുധയുടേയും മകളാണ്.