ദില്ലി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ ഇന്ന് പ്രഖ്യാപിച്ചേക്കും. നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്‍റാണ് നദ്ദ. ഈ മാസം 22 ന് പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരിക്കം നദ്ദ ചുമതലയേല്‍ക്കുക. ഹിമാചല്‍ പ്രദേശില്‍ നിന്നുമുള്ള നേതാവാണ് നദ്ദ. അധ്യക്ഷസ്ഥാനത്ത് നദ്ദ എത്തുന്നതോടെ ഭൂപീന്ദര്‍ യാദവ് ബിജെപിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്‍റോ വൈസ് പ്രസിഡന്‍റോ ആയേക്കും. അമിത് ഷായുടെ വിശ്വസ്തനാണ് ഭൂപീന്ദര്‍.

രാവിലെ പത്ത് മുതലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് നദ്ദ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറില്‍ കേന്ദ്രമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള നേതാവാണ് നദ്ദ. പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിയുടെ വിവിധ ദേശീയ സമിതികളും പുനസംഘടിപ്പിക്കും. കേരള ഘടകത്തിന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ഉള്‍പ്പടേയുള്ള ദൗത്യങ്ങളും നദ്ദയെ കാത്തിരിക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതോടെ അമിത് ഷാ അധ്യക്ഷസ്ഥാനത്ത് നിന്നും ഒഴിഞ്ഞേക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു. 2014 ജുലൈയിലാണ് രാജ്സനാഥ് സിങ്ങിന് പകരക്കാരനായി അമിത് ഷാ ബിജെപി പ്രസിഡന്‍റ് സ്ഥാനത്ത് എത്തുന്നത്. 2016 ജനുവരിയില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി അമിത് ഷാ ബിജെപി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ഇനിയൊരു ടേം കൂടി അവസരം ഉണ്ടെങ്കിലും സംഘടന തിരഞ്ഞെടുപ്പ് വരെ മാത്രം അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നാല്‍ മതിയെന്നായിരുന്നു അമിത് ഷായുടേയും പാര്‍ട്ടിയുടേയും തീരുമാനം.