ശബരിമല: ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മലകയറി പടികയറി തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അയ്യപ്പ ദര്‍ശനം നടത്തി. തനി ഭക്തനായി കാവി കൈലി ഉടുത്ത് ഷര്‍ട്ട് ഇടാതെ തോളില്‍ തോര്‍ത്തും ഇട്ട് ശിരസില്‍ ഇരുമുടിക്കെട്ടുമായി മലകയറിയ ഉപമുഖ്യമന്ത്രിയെ പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത വേഷത്തില്‍ ആയിരുന്നു. പൊലീസ് ഒപ്പം എത്തിയതിനാലാണ് മറ്റ് തീര്‍ഥാടകര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചത്.

പതിനെട്ടാംപടി കയറി എത്തിയപ്പോള്‍ ദേവസ്വം എക്സിക്യുട്ടിവ് ഓഫിസര്‍ വി.എസ്.രാജേന്ദ്ര പ്രസാദ്, അസി. എക്സിക്യുട്ടിവ് ഓഫിസര്‍ ജെ. ജയപ്രകാശ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്.ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സോപാനത്ത് എത്തിച്ച്‌ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കി. തീര്‍ഥാടന കാലത്തെ നെയ്യഭിഷേകം പൂര്‍ത്തിയാകുന്ന ദിവസമായതിനാല്‍ നല്ലതിരക്ക് ഉണ്ടായിരുന്നു.

അതേസമയം, തീര്‍ഥാടനം പൂര്‍ത്തിയാക്കി അയ്യപ്പ ക്ഷേത്രതിരുനട ചൊവ്വാഴ്ച രാവിലെ 6ന് അടയ്ക്കും. തിങ്കളാഴ്ച രാത്രി 9.30 വരെ അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നടത്താം.