ബെയ്ജിംഗ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയതരം ന്യൂമോണിയ ബാധിച്ച്‌ ഇന്ത്യക്കാരിയും ചികിത്സയില്‍. ചൈനയിലെ ഷെന്‍സെനില്‍ അദ്ധ്യാപികയായ പ്രീതി മഹേശ്വരിയെ(45) യാണ് വെള്ളിയാഴ്ച രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചൈനയില്‍ പടരുന്ന കൊറോണ വൈറസ് ബാധയേറ്റ ആദ്യത്തെ വിദേശിയാണ് പ്രീതി. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഭര്‍ത്താവ് അഷുമാന്‍ ഖോവല്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ഡല്‍ഹിയില്‍ വ്യാപാരിയാണ് അഷുമാന്‍.

മഹേശ്വരി നിലവില്‍ ഐ.സി.യുവിലാണ്. വെന്റിലേറ്ററില്‍ മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ. ഏതാനും മണിക്കൂര്‍ മഹേശ്വരിയെ സന്ദര്‍ശിക്കാന്‍ ഭര്‍ത്താവിന് അനുവാദം നല്‍കിയിട്ടുണ്ട്. മഹേശ്വരി അബോധാവസ്ഥയില്‍ തുടരുകയാണ്. രോഗം മാറുന്നതിനു സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വുഹാന്‍, ഷെന്‍സെന്‍ മേഖലകളില്‍ പടരുന്ന ന്യൂമോണിയയ്ക്ക് പിന്നില്‍ കൊറോണ വൈറസാണെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്.

ഇന്ത്യയില്‍ നിന്നുള്ള അഞ്ഞൂറിലേറെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വുഹാനില്‍ പഠിക്കുന്നുണ്ട്. ചൈനീസ് പുതുവര്‍ഷാഘോഷ അവധിയുടെ ഭാഗമായി ഇവരിലേറെയും ഇന്ത്യയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച്‌ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.

2002-03ല്‍ ചൈനയെയും ഹോങ്കോങ്ങിനെയും വിറപ്പിച്ച സാര്‍സിനു തുല്യമാണ് ഈ കൊറോണ വൈറസ് ബാധയെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്ന് 650പേര്‍ മരിച്ചു.

കൊറോണ വൈറസ്

 ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസ്

 പനിയും ശ്വാസതടസവുമാണ് പ്രധാന ലക്ഷണങ്ങള്‍.

മ‍ൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരും

 നിലവില്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ല.