ന്യൂഡല്‍ഹി: ഇരുപത്തിനാല് മണിക്കൂറും കുടിവെള്ളവും വൈദ്യുതിയും. 200 യൂണിറ്റ് വരെ വൈദ്യുതിക്കും,20,000 ലിറ്റര്‍ വരെ കുടിവെള്ളത്തിനും സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രയ്ക്കുള്ള സൗജന്യവും തുടരും. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 10 വാഗ്ദാനങ്ങളടങ്ങിയ ഗാരന്‍റി കാര്‍ഡ് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പുറത്തിറക്കി. വിശദമായ പ്രകടന പത്രിക പിന്നീട്. കഴിഞ്ഞ തവണ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന എല്ലാ കാര്യങ്ങളും തന്റെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
മറ്റ് വാഗ്ദാനങ്ങള്‍:

 ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം

 ഉയര്‍ന്ന ആരോഗ്യ പരിരക്ഷ

 മെട്രോ ട്രാന്‍സ്‌പോര്‍ട്ട് നിരക്കുകള്‍ കുറയ്ക്കും.

 11,000 ബസുകള്‍ കൂടി നിരത്തിലിറക്കും. മെട്രോറെയില്‍ 500 കിലോമീറ്റര്‍ ആക്കി ഉയര്‍ത്തും.

 വായു മലിനീകരണം കുറയ്ക്കും. അഞ്ചു വര്‍ഷം കൊണ്ട് രണ്ടു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച്‌ ഗ്രീന്‍

സിറ്റിയാക്കും.

 നഗരത്തെ മാലിന്യമുക്തമാക്കും. യമുനാ നദി ശുദ്ധീകരിക്കും

 ഡല്‍ഹിയെ സ്ത്രീ സൗഹൃദ നഗരമാക്കും.മൊഹല്ലാ മാര്‍ഷലുകളെ നിയമിച്ച്‌ രാത്രിയില്‍ സുരക്ഷ

 റോഡ്,കുടിവെള്ളം,മൊഹല്ലാ ക്ലിനിക്ക് സൗകര്യങ്ങള്‍ അനധികൃത ചേരിനിവാസികള്‍ക്കും

 ചേരി നിവാസികള്‍ക്ക് വീടുകളും,ഫ്‌ളാറ്റുകളും

കേജ്രിവാള്‍ ഇന്ന്

പത്രിക നല്‍കും

ന്യൂഡല്‍ഹി മണ്ഡലത്തില്‍ കേജ് രിവാള്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ബി.ജെ.പിയും കോണ്‍ഗ്രസും കേജ്രിവാളിന്റെ എതിരാളിയെ പ്രഖ്യാപിച്ചിട്ടില്ല. മായാവതിയുടെ ബി.എസ്.പി 42 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ച്‌ 5,000 റാലികള്‍ നടത്താനാണ് ബി.ജെ.പി തീരുമാനം.