ബംഗളൂരു: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ രോഹിത് ശർമയ്ക്ക് സെഞ്ചുറി. ഏകദിന കരിയറിലെ 29-ാം സെഞ്ചുറിയാണ് അദ്ദേഹം തികച്ചത്. ഓസീസ് മുന്നോട്ടുവച്ച 287 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് പിന്നിട്ടു.
128 പന്തുകള്‍ നേരിട്ട രോഹിത് ആറ് സിക്സും എട്ട് ഫോറുമടക്കം 119 റണ്‍സ് നേടിയാണ് പുറത്തായത്. 63 റൺസുമായി നായകൻ വിരാട് കോഹ്ലിയും രണ്ടു റൺസുമായി ശ്രേയസ് അയ്യറുമാണ് ഇപ്പോൾ ക്രീസിൽ. രോഹിത്-കോഹ്ലി സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീർക്കുകയും ചെയ്തു. നേരത്തേ, 19 റൺസെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ഒടുവിൽ വിവരം ലഭിക്കുന്പോൾ 211 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്. വിജയത്തിലേക്ക് ഇന്ത്യക്ക് ഇനിയും 75 റൺസ് കൂടി വേണം. നേരത്തേ, സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ചുറി മികവിലായിരുന്നു ഓസീസ് 286 റൺസ് എടുത്തത്. 132 പന്തുകള്‍ നേരിട്ട സ്മിത്ത് ഒരു സിക്സും 14 ഫോറുമടക്കം 131 റണ്‍സാണ് നേടിയത്.