ഇസ്താംബൂള്‍: അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ എണ്‍പത്തിയഞ്ചാമത്തെ പാത്രിയര്‍ക്കീസായി ബിഷപ്പ് സഹാക്ക് ദ്വിതീയന്‍ മഷലിയാന്‍ തെരെഞ്ഞെടുക്കപ്പെട്ടു. ഇസ്താംബൂളിലെ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഭദ്രാസനദേവാലയത്തില്‍ ജനുവരി 11നു നടന്ന സ്ഥാനാരോഹണ ചടങ്ങുകളില്‍ വത്തിക്കാന്‍റെ പ്രതിനിധി സംഘവും പങ്കെടുത്തു. ചടങ്ങില്‍ മാര്‍പാപ്പയുടെ ആശംസാസന്ദേശം വായിച്ചു. ഫ്രാന്‍സിസ് പാപ്പ സംഘത്തിന് സമ്മാനമായി കൊടുത്തയച്ചിരുന്ന സ്ഥാനിക കുരിശുമാല പാത്രിയര്‍ക്കീസ് സഹാക്കിനെ അണിയിച്ചുവെന്നതും ചടങ്ങിനെ മനോഹരമാക്കി.

ഇസ്താംബൂളിലെ അപ്പസ്തോലിക വികാരി ആര്‍ച്ചുബിഷപ്പ് തിയെരാബ്ലാങ്കാ ഗൊണ്‍സാലസ്, തുര്‍ക്കിയിലെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും അപ്പസ്തോലിക സ്ഥാനപതിയുടെ പകരക്കാരനുമായ ആര്‍ച്ചുബിഷപ്പ് ലൂയി മീര്‍ദാ കര്‍ദാബാ, വത്തിക്കാനില്‍നിന്നും ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ ഹ്യാസിന്ദ് ഡേസ്തിവേല്‍ എന്നിവരാണ് ഇസ്താംബൂളിലെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുത്ത വത്തിക്കാന്‍റെ പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നത്.