കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച്‌ സീറോ മലബാര്‍ സഭ. ഇത് സംബന്ധിച്ച്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം സഭയുടെ കീഴിലുളള പളളികളില്‍ വായിക്കാനായി വിതരണം ചെയ്‌തു. ഐഎസിലേക്ക് ക്രൈസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ അധികൃതര്‍ അടിയന്തര നടപടി എടുക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

ലൗ ജിഹാദിനെതിരെ രക്ഷിതാക്കളെയും കുട്ടികളെയും സഭ ബോധവത്കരിക്കുമെന്നും  ഇടയലേഖനത്തില്‍ പറയുന്നു. അതേസമയം, സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിക്കാതെ വൈദികര്‍ ബഹിഷ്‌കരണം നടത്തി.

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അത് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങള്‍ക്ക് മുമ്ബ് ചേര്‍ന്ന സിറോ മലബാര്‍ സിനഡ് വിലയിരുത്തിയിരുന്നു. ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമെന്ന നിലയില്‍ നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഈ വാദത്തെ തള്ളി സംസ്ഥാന പോലീസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തിയിരുന്നു.

സിനഡിന്റെ നിലപാടിനെതിരേ എറണാകുളം-അങ്കമാലി അതിരൂപതയും രംഗത്തെത്തിയിരുന്നു. അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിലായിരുന്നു സിനഡിന്റെ നിലപാടിനെ വിമര്‍ശിച്ച്‌ ലേഖനം പ്രസിദ്ധീകരിച്ചത്.