വത്തിക്കാന്‍ സിറ്റി: പൗരോഹിത്യ ബ്രഹ്മചര്യം സംബന്ധിച്ച് മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ലേഖനം ഉള്‍ക്കൊള്ളിച്ച് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ എഴുതിയ “ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളില്‍ നിന്നും” (ഫ്രം ദി ഡെപ്ത്ത്സ് ഓഫ് ഔര്‍ ഹാര്‍ട്ട്സ്) എന്ന പുസ്തകത്തെ ചൊല്ലി വിവാദമുയര്‍ന്ന സാഹചര്യത്തില്‍ കര്‍ദ്ദിനാള്‍ സാറ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. തങ്ങള്‍ തമ്മില്‍ യാതൊരു തെറ്റിദ്ധാരണയുമില്ലെന്ന് കര്‍ദ്ദിനാള്‍ സാറ ഔദ്യോഗിക ഫേസ്ബുക്കില്‍ അക്കൌണ്ടില്‍ കുറിച്ചു.

മനോഹരമായ ഞങ്ങളുടെ കൂടിക്കാഴ്ചക്ക് ശേഷം വളരെയധികം സമാധാനത്തോടും, ധൈര്യത്തോടും കൂടിയാണ് ഞാന്‍ പുറത്ത് വന്നത്. ഈ പുസ്തകം വായിക്കുവാനും ഇതിനെക്കുറിച്ച് ചിന്തിക്കുവാനും ഞാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. കര്‍ദ്ദിനാളിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പുസ്തകത്തിന്റെ എഡിറ്ററായ നിക്കോളാസ് ഡിയറ്റിനും, ഫ്രഞ്ച് പ്രസാധകരായ മൈസണ്‍ ഫായാര്‍ഡിനും കര്‍ദ്ദിനാള്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ദ്ദിനാള്‍ സാറ, എമിരിറ്റസ് ബെനഡിക്ട് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച ആദ്യ ട്വീറ്റ് പുറത്തുവിട്ടത്.

മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനെ പുസ്തകത്തിന്റെ സഹരചയിതാവായി അവതരിപ്പിക്കുന്ന കാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്നും, പേരും ഫോട്ടോയും പുസ്തകത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നതായും ബെനഡിക്ട് പതിനാറാമന്റെ പ്രൈവറ്റ് സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വൈന്‍ ഇക്കഴിഞ്ഞ ജനുവരി 14ന് പ്രസ്താവിച്ചിരിന്നു. അദ്ദേഹത്തിന്‍റെ പേരിലുള്ള അധ്യായം മുന്‍ പാപ്പ തന്നെ എഴുതിയതാണെന്നും അത് പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ അനുവാദം നല്‍കിയിരുന്നതാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പുസ്തകത്തിന്റെ സഹരചയിതാവ് എന്ന വിശേഷണം ശരിയല്ല എന്നായിരിന്നു അദ്ദേഹത്തിന്റെ വാദം. ഇത് പരിഹരിക്കപ്പെട്ടുവെന്നാണ് പുതിയ പോസ്റ്റിലൂടെ കര്‍ദ്ദിനാള്‍ സാറ സൂചന നല്‍കുന്നത്.